കരയിലും ആകാശത്തും ആക്രമണം : ഹിസ്ബുള്ളയെ ലക്ഷ്യംവെച്ച്‌ ഇസ്രയേൽ : തിരിച്ചടിച്ച് നൂറോളം റോക്കറ്റുകൾ

ടെല്‍ അവീവ്: ഹിസ്ബുള്ളയെ ലക്ഷ്യംവെച്ച്‌ ലെബനനില്‍ കര, വ്യോമ ആക്രമണം ഇസ്രയേല്‍ ശക്തമാക്കുന്നതിനിടെ തിരിച്ചടിച്ച്‌ ഹിസ്ബുള്ള. ഇസ്രയേലിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യം വെച്ച്‌ ലെബനനില്‍നിന്ന് നൂറോളം റോക്കറ്റുകളെത്തിയതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം.ഞായറാഴ്ച പുലർച്ചെ ആദ്യം 70 റോക്കറ്റുകള്‍ വർഷിച്ചതായാണ് റിപ്പോർട്ട്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം 30 റോക്കറ്റുകള്‍ കൂടെ ഇസ്രയേലിലേക്ക് കടന്നു. ഇസ്രയേലിലെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങിയതായി ഇസ്രയേല്‍ വാർ റൂം സ്ഥിരീകരിച്ചു. ഇതില്‍ കുറേ റോക്കറ്റുകള്‍ ഇസ്രയേല്‍ വ്യോമസേന പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ ആകാശത്ത് വച്ച്‌ തന്നെ തകർത്തു.അതേസമയം, വടക്കൻ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഞായറാഴ്ച മാത്രം 73 പേർ മരിച്ചു. ബൈത് ലാഹിയ പട്ടണത്തില്‍ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയില്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തില്‍ 35 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 108 ആയി.നേരത്തെ, യഹിയ സിൻവാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ലെബനില്‍നിന്ന് വിക്ഷേപിച്ച ഡ്രോണുകളില്‍ രണ്ടെണ്ണം ഇസ്രയേല്‍ സൈന്യം പ്രതിരോധിച്ചിരുന്നു. ആക്രമണം നടന്ന സമയം നെതന്യാഹുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.

Advertisements

Hot Topics

Related Articles