നാട്ടിലെ കുറ്റവാളികളെ കുറിച്ച് പൊലീസിൽ പരാതി നൽകിയതിന് വീട് കയറി ആക്രമണം; കാർ തകർത്തു; കൊച്ചിയിൽ നാല് പേർ പിടിയിൽകൊച്ചി: നാട്ടിലെ കുറ്റവാളികളെ കുറിച്ച് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ വീട്ടിൽ കയറി ആക്രമണം നടത്തി യുവാക്കൾ. മഞ്ഞപ്ര സ്വദേശി ജസ്റ്റിന്റെ വീട് ആക്രമിച്ച നാലംഗ സംഘം മുറ്റത്തെ കാറും തല്ലിത്തകർത്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം നാല് പേരെ കാലടി പൊലീസ് പിടികൂടി.
ബൈക്കിലെത്തി വീട്ടുമുറ്റത്തേക്ക് പാഞ്ഞടുത്ത നാലംഗ സംഘം കാർ തല്ലിത്തകർത്തു. കുഞ്ഞിനെയടക്കം ഭീഷണിപ്പെടുത്തി. എറണാകുളം മഞ്ഞപ്രയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മഞ്ഞപ്ര സ്വദേശിയായ ജസ്റ്റിൻ നാട്ടിലെ ഒരു കുറ്റകൃത്യത്തെ കുറിച്ച് പ്രതികരിച്ചതാണ് ഈ ആക്രമണത്തിന്റെ കാരണം. മഞ്ഞപ്ര സ്വദേശികളായ സോജൻ, അലൻ, ഡോൺ ബേസിൽ, പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പ്രതികൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സോജൻ നാട്ടിലെ സ്ഥിരം കുറ്റവാളിയാണ്. അടിപിടി, ലഹരി, മോഷണക്കേസുകൾ എന്നിവ പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളായി കൂടി വരുന്നു. അടുത്തിടെ ഒരു മോഷണ കേസിൽ സോജനെതിരെ ജസ്റ്റിൻ പൊലീസ് പരാതി നൽകി. ഇതിൽ പ്രകോപിതനായാണ് നാലംഗ സംഘം വീട് കയറി ആക്രമിച്ചത്.
ജസ്റ്റിന്റെ ഭാര്യയും കുട്ടിയും മാത്രമായിരുന്നു വീട്ടിൽ. ഇവരെ അക്രമികൾ ഭീഷണിപ്പെടുത്തി. മാനസികമായി തളർന്നതോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടിയും വന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.