തലയാഴം: നിർധന കുടുംബത്തിന് സി പി എം വീടു നിർമ്മിച്ചു നൽകി. തലയാഴം പഞ്ചായത്ത് മൂന്നാം വാർഡിലെ കളപ്പുരയ്ക്കൽക്കരിയിൽ താമസിക്കുന്ന പുഷ്പയുടെ കുടുംബത്തിനാണ് സി പി എം സ്നേഹഭവനം നിർമ്മിച്ചു നൽകിയത്. വള്ളം മുങ്ങി ഗൃഹനാഥൻ മരണപ്പെട്ടതോടെ ജീവിതം ദുരിത പൂർണമായ വീട്ടമ്മയ്ക്കും നഴ്സിംഗ് വിദ്യാർഥിനിയായ മകൾക്കും സുരക്ഷിതമായി താമസിക്കുന്നതിനാണ് സി പി എം തലയാഴം നോർത്ത് ലോക്കൽ കമ്മറ്റി സുമനസുകളുടെ സഹകരണത്തോടെ വീടു നിർമ്മിച്ചു നൽകുകയായിരുന്നു.
ഗതാഗത മാർഗമില്ലാത്ത സ്ഥലത്ത് താമസിക്കുന്ന കുടുംബത്തിനു വീടു നിർമ്മിക്കാനായി പാർട്ടി പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് നിർമ്മാണ സാമഗ്രികൾ ഏറെ ദൂരം തലച്ചുമടായി സ്ഥലത്തെത്തിക്കുകയായിരുന്നു. നിർമ്മാണത്തിൻ്റെ പലഘട്ടങ്ങളിലും പ്രവർത്തകർ പണികൾ ചെയ്തും താങ്ങായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി പി എം ഏരിയ കമ്മറ്റി അംഗം കെ. കുഞ്ഞപ്പൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാർ ഗൃഹനാഥയ്ക്ക് താക്കോൽ കൈമാറി. നിർധനരായവർക്ക് കൈത്താങ്ങാകാൻ സി പി എം പ്രതിജ്ഞാബദ്ധമാണെന്നും ഭർത്താവ് മരണപ്പെട്ട ശേഷം മകളുമായി കഴിയുന്ന പുഷ്പയ്ക്ക് സുരക്ഷിത ഭവനമൊരുക്കിയ തലയാഴത്തെ പാർട്ടിയുടെ പ്രവർത്തനം അഭിനന്ദാർഹമാണെന്നും പി.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.
ഏരിയ സെക്രട്ടറി കെ. അരുണൻ ,കെ.കെ. ഗണേശൻ, എസ്. ദേവരാജൻ , ലോക്കൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, പഞ്ചായത്ത് അംഗം ഷീജ ബൈജു, ഏരിയ കമ്മറ്റി അംഗങ്ങളായ പി.ഹരിദാസ്, പി.ശശിധരൻ, വീട് നിർമ്മാണത്തിൻ്റെ മുഖ്യ ചുമതല നിർവഹിച്ച പി.എ. അനുരാജ്, കെ.എൻ. രാജീവ് തുടങ്ങിയവർ സംബന്ധിച്ചു.