കാസർഗോഡ് : ഹണിട്രാപ്പ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും ഉപയോഗിച്ചെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. കാസറഗോഡ് ജില്ലാ പോലീസ് മേധാവിയോടും, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.ശ്രുതിയുടെ തട്ടിപ്പ് വിവരങ്ങൾ അന്വേഷിച്ച ബന്ധുവിനെയും, പോലീസ് ഉദ്യോഗസ്ഥനെയും പോക്സോ കേസിൽ കുടുക്കിയിരുന്നു. തന്റെ തട്ടിപ്പ് മനസിലാക്കുന്നവരെ ശ്രുതി ചന്ദ്രശേഖരൻ പോക്സോ കേസിൽ കുടുക്കും. ഇതിനായി മക്കളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് വിവരം.
കുട്ടികൾക്കുള്ള വിദ്യാഭ്യാസം യുവതി നിഷേധിക്കുന്നതായും പരാതിയുണ്ട്. കാസർഗോഡ് നഗരത്തിലെ സ്കൂളിൽ ഈ അധ്യയന വർഷം രണ്ട് കുട്ടികൾക്കും അഡ്മിഷൻ എടുത്തെങ്കിലും ആകെ മൂന്ന് ദിവസമാണ് ഇവർ ക്ലാസിലെത്തിയത്. ഇക്കാര്യം അന്വേഷിക്കുമ്പോൾ കൃത്യമായ മറുപടി ഇല്ലെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. കോട്ടയത്തും സമാന തട്ടിപ്പ് നടത്തിയ ശ്രുതി ചന്ദ്രശേഖരൻ നിലവിൽ ഒളിവിലാണ്.