കൂരോപ്പട : ജോഷിയെത്തി പെരുന്തേനീച്ചകൾ പറന്നകന്നു. ളാക്കാട്ടൂർ കവലയിൽ താമസിക്കുന്ന ആശാ ഭവനിൽ (മൂക്കനോലിയ്ക്കൽ) സി.കെ സുകുമാരൻ നായരുടെ വസതിയിലാണ് അപ്രതീക്ഷിത അതിഥികളായി പെരുന്തേനീച്ചകൾ ഞായറാഴ്ച എത്തി കൂട് കൂട്ടിയത്. വീടിന്റെ പോർച്ചിന്റെ ചുവരിലാണ് ഇരിപ്പുറപ്പിച്ചത്. ഭയന്ന് പോയ സുകുമാരൻ നായരും കുടുംബവും പൊതുപ്രവർത്തകരായ ഗോപൻ വെള്ളമറ്റം, ഹരി ചാമക്കാല എന്നിവരെയും പഞ്ചായത്ത് അംഗം അനിൽ കൂരോപ്പടയെയും വിവരം അറിയിച്ചു.
തുടർന്ന് ഇവർ പെരുന്തേനീച്ചയെ പിടികൂടാൻ വിദഗ്ധനായ പൂഞ്ഞാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോഷി മൂഴിയാങ്കലിനെ വിവരം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 6.30 ന് സ്ഥലത്ത് എത്തിയ ജോഷി അനായാസം പെരുന്തേനീച്ചകളെ തുരത്തി. ഒന്നൊഴിയാതെ എല്ലാം പറന്നകലുകയായിരുന്നു. ജോഷി തന്റെ കൈവശമുള്ള മരുന്ന് ഉപയോഗിച്ച് അക്രമകാരികളായ ഈച്ചയെ മയക്കിയാണ് വീട്ടിൽ നിന്ന് ഒഴിവാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തേനീച്ചകൾ പറന്ന് അകന്നതിൽ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ജില്ലാ പ്രസിഡന്റ് കൂടിയായ ജോഷിയോടുള്ള സ്നേഹാദരവും വീട്ടുകാർ രേഖപ്പെടുത്തി.
തേനീച്ചയെ പറത്തി വിടുന്നത് കാണാൻ നിരവധിയാളുകൾ എത്തിയിരുന്നു.