പത്തനംതിട്ട: ഭൂമി വില്‍പ്പനയുടെ പേരില്‍ ഹണി ട്രാപ്പില്‍പ്പെടുത്തി വയോധികനില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കൂട്ടുവാളക്കുഴിയില്‍ സിന്ധു (41), പന്തളം കുരമ്ബാല തെക്ക് സാഫല്യത്തില്‍ മിഥു (25), പെരിങ്ങനാട് കുന്നത്തുകര അരുണ്‍ നിവാസില്‍ അരുണ്‍ കൃഷ്ണന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ വയോധികനാണ് തട്ടിപ്പിനിരയായത്. വയോധികനോട് അടുത്തിടപഴകി അശ്ലീലമെന്നു തോന്നിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 2,18000 രൂപയും അരപ്പവന്റെ മോതിരവും റൈസ് കുക്കറുമാണ് സംഘം തട്ടിയെടുത്തത്.
ഭൂമി വില്‍പ്പനയ്ക്കായി അച്ഛന്റെ ഫോണ്‍ നമ്പര്‍ വച്ച് മക്കള്‍ പരസ്യം നല്‍കിയിരുന്നു. ഈ ഫോണ്‍ നമ്പരില്‍ വിളിച്ച് വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ബന്ധപ്പെട്ടത്. ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് 2.30ന് സ്ഥലം കാണാനെന്ന വ്യാജേന മിഥുവിനൊപ്പം കാറില്‍ എത്തിയ സിന്ധു വയോധികനൊപ്പമുള്ള ചിത്രങ്ങള്‍ മിഥുനെക്കൊണ്ട് എടുപ്പിച്ചു. ഇത് കാണിച്ചായിരുന്നു ഭീഷണിയും പണം തട്ടലുമെന്ന് പൊലീസ് പറഞ്ഞു. മക്കള്‍ ജോലിസ്ഥലത്തായിരുന്നതിനാല്‍ വയോധികന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രങ്ങള്‍ പുറത്തുവിടുമെന്നും പൊലീസില്‍ അറിയിച്ച് ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണവും മോതിരവും തട്ടിയെടുത്തത്. 13 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. ഇല്ലെന്നറിയിച്ചപ്പോള്‍ ബാങ്ക് പാസ് ബുക്ക് കണ്ടെടുത്ത് ഇതിലുള്ള രണ്ട് ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പൊലീസുകാരനെന്ന് ധരിപ്പിച്ച് അരുണ്‍കുമാറിനെയും കൂട്ടി സിന്ധു വീണ്ടും വീട്ടിലെത്തി. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണെന്ന് പറഞ്ഞ് ബാങ്കിലുണ്ടായിരുന്ന 18,000 രൂപയും മൂന്ന് ലക്ഷം രൂപയുടെ ചെക്കും ഒപ്പിട്ടുവാങ്ങി. പത്താം തീയതി വീണ്ടും മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് വിളി തുടങ്ങി. ഇതിനിടെ വയോധികന്‍ മകനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പന്തളം പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തു.