ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് ആംബുലൻസിനുള്ളിൽ സുഖ പ്രസവം

എടക്കര:
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖ പ്രസവം. പോത്തുകല്ല് ചെമ്പ്ര ആദിവാസി കോളനിയിലെ സുധീഷിന്റെ ഭാര്യ ചിഞ്ചു (23) ആണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ചിഞ്ചുവിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് മുഹമ്മദ് റഫീഖ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ പി. അഞ്ജു എന്നിവർ സ്ഥലത്തെത്തി. അഞ്ചുവിന്റെ പരിശോധനയിൽ ചിഞ്ചുവിന്റെ ആരോഗ്യ നില വഷളാണെന്നും ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കിയതിനെ തുടർന്ന് ചിഞ്ചുവിനെ ആംബുലൻസിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നിലമ്പൂർ ചന്തക്കുന്ന് എത്തിയപ്പോഴേക്കും ചിഞ്ചുവിന്റെ ആരോഗ്യനില കൂടുതൽ വഷളാകുകയും തുടർന്ന് പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും മനസിലാക്കിയ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അഞ്ചു ആംബുലൻസിനുള്ളിൽ ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 5.50ന് അഞ്ചുവിന്റെ പരിചരണത്തിൽ ചിഞ്ചു ആൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.