പത്തനംതിട്ട: ശസ്ത്രക്രിയയ്ക്ക് കയറ്റിയ വീട്ടമ്മ മരണമടഞ്ഞ കേസിൽ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിക്കെതിരെ പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മലയാലപ്പുഴ കാഞ്ഞിരപ്പാറ ജയ ഭവനത്തിൽ മനോജിന്റെ ഭാര്യ സതിഭായി (49) ആണ് മരിച്ചത്. അപ്പെൻഡിസൈറ്റിസിന്റെ ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ദിവസം സതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24 ന് ഉച്ചയോടെ ഇവരെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുവന്ന ശേഷം അവിടെ വെച്ചാണ് മരണം സംഭവിച്ചത്. തുടർന്ന് സതിയുടെ മരണ വിവരം ബന്ധുവായ സുരേഷിനെ അധികൃതർ അറിയിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പറഞ്ഞത്.
മരണത്തിൽ സംശയമുണ്ടെന്നും ഓവർ ഡോസ് അനസ്തേഷ്യയാണ് മരണകാരണമെന്നും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. സതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. ചികിൽസാപ്പിഴവ് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ചികിൽസാപ്പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിദഗ്ധ ഡോക്ടർമാരുടെ പാനലിനെ നിയോഗിക്കും. ഇവരുടെ അഭിപ്രായം അനുസരിച്ചാകും കേസ് സംബന്ധിച്ച് തുടർ നടപടികൾ മുന്നോട്ടു നീങ്ങുക.