തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ.അന്വേഷണത്തിനായി മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ സമിതി രുപീകരിക്കും. മുൻവിധിയോടെ കേസില്‍ കെ.പി.സി.സി അഭിപ്രായം പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.കെ.പി.സി.സി രുപീകരിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമേ വിശദമായ പ്രതികരണത്തിനുള്ളു. രാഹുല്‍ മാങ്കൂട്ടത്തലിനെ വിശ്വാസമുണ്ട്.
രാഹുലിന്റെ കാര്‍ മറ്റ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നതെല്ലാം ആരോപണങ്ങള്‍ മാത്രമാണെന്നും അന്വേഷിച്ച് കൃത്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോരില്‍ രണ്ട് പക്ഷത്തും തെറ്റുണ്ട്. ഗവര്‍ണറെ സര്‍ക്കാര്‍ റബ്ബര്‍ സ്റ്റാമ്ബായാണ് കാണുന്നത്. ഇതിനെതിരായ ഗവര്‍ണറുടെ പ്രതികരണം അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ല. കടമകള്‍ മറക്കുന്ന സമീപനമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.