ചെന്നൈ : തമിഴകത്ത് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഒരുങ്ങി ഇളയദളപതി വിജയ്. 2026 നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കത്തിനാണ് വിജയ് ഒരുങ്ങുന്നത്. അതേസമയം തന്റെ സമകാലീനനും മറ്റൊരു സൂപ്പര്‍ താരവുമായ അജിത്ത് കുമാറിന്റെ പിന്തുണ തേടാന്‍ വിജയ് ഒരുങ്ങുന്നുവെന്നാണ് ഇന്ത്യ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരാനിരിക്കുന്ന നിര്‍ണായക പരിപാടിയില്‍ ഇരുവരും ഒരുമിച്ച് ഒരു വേദിയിലെത്തും എന്നതാണ് ഇപ്പോഴത്തെ തമിഴകത്ത് നിന്നുള്ള പ്രധാന റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ അജിത്ത് അസര്‍ബൈജാനില്‍ നിന്ന് ഷൂട്ട് കഴിഞ്ഞ് വെള്ളിയാഴ്ച്ച തമിഴ്നാട്ടില്‍ എത്തിയിട്ടുണ്ട്.
ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അതേസമയം രാഷ്ട്രീയ വേദിയില്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ്. തമിഴകത്ത് രജനീകാന്തും കമല്‍ഹാസനും വേദി പങ്കിടാറുണ്ട്. എന്നാല്‍ അജിത്തും വിജയിയും ഒരുമിച്ച് പൊതുപരിപാടിയില്‍ വരാറില്ല. അജിത്ത് സിനിമാ പ്രമോഷനുകള്‍ക്കോ, പൊതുപരിപാടികള്‍ക്കോ പങ്കെടുക്കാറില്ല. അതുകൊണ്ട് വിജയിയുമായി അടുത്തൊന്നും വേദി പങ്കിട്ടിട്ടില്ല. കഴിഞ്ഞ ദിവസം അജിത്തും വിജയിയും തമ്മില്‍ ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.