തിരുവനന്തപുരം : വന്യജീവി ആക്രമണം ശരിയായി പരിഹരിക്കണമെങ്കില്‍ നിയമങ്ങളില്‍ മാറ്റംവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് ഈ നിയമങ്ങളുണ്ടായത്. ജയറാം രമേശ് അത് കൂടുതല്‍ ശക്തമാക്കിയെന്നും പിണറായി വിജയൻ പറഞ്ഞു.വന്യജീവി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രം അതിന് തയാറാകുന്നില്ല. അത് പറ്റില്ലെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്.
മനുഷ്യന് പ്രാധാന്യം നല്‍കിയുള്ള ഭേദഗതി വേണം. 18പേരില്‍ ആരെങ്കിലും ഭേദഗതിക്കായി പാർലമെന്റില്‍ വാദിച്ചോ?. വയനാട് എംപി രാഹുല്‍ ഗാന്ധി ഒരു തവണ എങ്കിലും ഇക്കാര്യം പാർലമെന്റില്‍ ഉന്നയിച്ചോ എന്നും പിണറായി ചോദിച്ചു.സംസ്ഥാന സർക്കാർ പരിധിക്കുള്ളില്‍ നിന്ന് എല്ലാം ചെയ്യുന്നുണ്ട്. പക്ഷേ നിയമഭേദഗതിയാണ് ആവശ്യം. ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസും ബിജെപിയുമാണ്. കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമം ബിജെപി സംരക്ഷിക്കുന്നു. ഇവിടെ മനുഷ്യന് വിലയില്ലാത്ത അവസ്ഥയാണെന്നും പിണറായി വിജയൻ പറഞ്ഞു.