തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ രണ്ടു പേര് അറസ്റ്റിൽ. ഇടനിലക്കാരായ രണ്ടു പേരെയാണ് സിബിഐ ദില്ലി യൂണിറ്റ് പിടികൂടിയത്. ഇടനിലക്കാരായ തുമ്പ സ്വദേശി പ്രിയന്, കരിങ്കുളം സ്വദേശി അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപെട്ട് റഷ്യയിലെ യുദ്ധമുഖത്താണ് തിരുവനന്തപുരം സ്വദേശികള്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് കേസിലാണിപ്പോള്‍ രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തത്.
റഷ്യന്‍ യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യന്‍ മലയാളി അലക്സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായത്. തുമ്പ സ്വദേശിയായ പ്രിയന് അലക്സിന്റെ ബന്ധുവാണ്. റഷ്യയിലേക്ക് പോകുന്നതിന് മുമ്പ് ആറു ലക്ഷത്തോളം രൂപ പ്രിയൻ ആണ് കൈപ്പറ്റിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്മെന്റിന് നേതൃത്വം നല്കിയതും പ്രിയൻ ആണ്. പ്രിയനെതിരെ റഷ്യയില്‍ നിന്നും നാട്ടിലെത്തിയവര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അറസ്റ്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിന്‍സ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. തിരുവന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂർ സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാർ കൊണ്ടുപോയത്. വാട്സാപ്പിൽ ഷെയര്‍ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടാണ് ഏജൻസിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ദില്ലിയിലെത്തി. പിന്നിട് അവിടെ നിന്നും റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ഇരുവർക്കും റഷ്യൻ-യുക്രെയിൻ യുദ്ധത്തിൽ പരിക്കേറ്റിരുന്നു. റിക്രൂട്ടിംഗ് ഏജൻസിയുടെ തട്ടിപ്പിനിരയായി യുദ്ധഭൂമിയിലെത്തിയ ഇവരുടെ ദുരവസ്ഥ നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തക്ക് പിന്നാലെ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇടപെട്ടിരുന്നു. പരിക്കേറ്റ് പള്ളിയിൽ അഭയം തേടിയ ഇരുവരെയും ഇന്ത്യൻ എംബസ്സിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് സിബിഐ ആണ് അന്വേഷിക്കുന്നത്. തട്ടിപ്പിനിരയായവരില്‍ നിന്ന് സിബിഐക്ക് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. കേരളത്തിൽ നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ പേരെ റഷ്യയിലെ യുദ്ധമുഖത്തേക്ക് ഇടനിലക്കാർ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസില്‍ രണ്ടു പേര് അറസ്റ്റിലായത്.