പിറവം: കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഗൃഹനാഥൻ വീണത് സമീപത്തെ 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ. കണ്ടുനിന്ന ഭാര്യ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറിൽ വീണതോടെ ഇരുവർക്കും രക്ഷകരായി അഗ്നിരക്ഷാ സേന. എറണാകുളം പിറവത്താണ് സംഭവം. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
പിറവം നഗരസഭ 8–ാം വാർഡിൽ പാറേക്കുന്നിൽ ഭക്ഷണം കഴിഞ്ഞ് കുരുമുളക് പറിക്കാനായി തോട്ടത്തിലിറങ്ങിയ 66കാരനായ ഇലഞ്ഞിക്കാവിൽ രമേശനാണ് മരമൊടിഞ്ഞ് കിണറിൽ വീണത്. ഭർത്താവ് കിണറിലേക്ക് വീഴുന്നത് കണ്ട് രക്ഷപ്പെടുത്താനായി ശ്രമിച്ച ഭാര്യയും 56കാരിയുമായ പത്മവും കിണറിലേക്ക് വീണു. കയറിൽ തൂങ്ങി ഇറങ്ങി ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പത്മവും കിണറിൽ കുടുങ്ങിയത്. ഇവരുടെ ബഹളം കേട്ട് നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരയേളം മാത്രം വെള്ളം കിണറിലുണ്ടായിരുന്നതാണ് ഇരുവർക്കും രക്ഷയായത്. അഗ്നിരക്ഷാസേന എത്തുമ്പോൾ പരിക്കേറ്റ ഭർത്താവിനെ കിണറിനുള്ളിൽ താങ്ങി നിർത്തിയ നിലയിലായിരുന്നു പത്മമുണ്ടായിരുന്നത്. 5 അടിയോളം വെള്ളം കിണറിലുണ്ടായിരുന്നതായാണ് അഗ്നിരക്ഷ സേന വിശദമാക്കുന്നത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാ നെറ്റിന്റെ സഹായത്തോടെ ഇരുവരേയും മുകളിലെത്തിച്ചു. തലയ്ക്ക് പരിക്കേറ്റ രമേശനും കൈകളിൽ പരിക്കേറ്റ പത്മവും കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് നിലവിലുളളത്.