കൊച്ചി: രോഗം വരുന്നത് ഒരു കുറ്റമല്ല. എന്നാൽ രോഗാവസ്ഥയിൽ പ്രിയപ്പെട്ടവർ ഉപേക്ഷിച്ചാലോ? അതിന്റെ വേദന തുറന്നു പറയുന്ന യുവാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. രോഗം വന്ന് തളർന്ന് പോയ സമയത്ത് കൂടെ കൂട്ടായി നിൽക്കേണ്ടിയിരുന്ന ഭാര്യ, വിവാഹമോചനം ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് ഹ്യുമൻ ഓഫ് ബോംബെയുടെ പേജിലാണ് യുവാവ് പങ്കുവച്ചത്.
ജീവിതത്തിലെ വളരെ ബുദ്ധിമുട്ടേറിയ സമയത്താണ് ‘സ്വന്തബന്ധങ്ങളെ’ നാം തിരിച്ചറിയുക. അർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഭാര്യ തന്നെ ഉപേക്ഷിച്ചുപോകുകയായിരുന്നുവെന്ന് യുവാവ് കുറിപ്പിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിപ്പിന്റെ പൂർണരൂപം
വീട്ടുകാർ വഴിയാണ് ഞാൻ അവളെ കണ്ടുമുട്ടിയത്. അവൾ സുന്ദരിയും മിടുക്കിയുമായിരുന്നു. ഞങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പരസ്പരം കൈമാറി. ഞങ്ങൾ പ്രണയത്തിലായി. ഒരു വർഷത്തിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു വീട്ടുകാർ തീരുമാനിച്ചത്. പക്ഷേ, അവൾക്ക് ഉടൻ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ, മൂന്ന് മാസങ്ങൾക്ക് ശേഷം ഞങ്ങൾ വിവാഹിതരായി. എല്ലാം സുഖകരമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ, പെട്ടെന്ന് എനിക്കൊരു അസുഖം വന്നു. എണ്ണമറ്റ ടെസ്റ്റുകൾക്കും സ്കാനിങ്ങുകൾക്കും ഒടുവിൽ, എനിക്ക് മൂന്നാം ഘട്ട കാൻസർ ആണെന്ന് അറിഞ്ഞു.
ഞാൻ ഞെട്ടിപ്പോയി. ഞങ്ങൾ വിവാഹിതരായിട്ട് ഒരു വർഷമായിട്ടില്ല. ഡോക്ടറുടെ മുറിക്ക് മുന്നിൽ തകർന്നിരുന്ന എന്നെ അവൾ കെട്ടിപ്പിടിച്ച് പറഞ്ഞു, ‘നിങ്ങൾ അതിനെ തോൽപ്പിക്കും!’. പിന്നീട് ഞങ്ങൾ എന്റെ അച്ഛനമ്മമാർക്കൊപ്പം താമസമാക്കി. എന്റെ ചികിൽസ തുടങ്ങി. അവൾ എനിക്കൊപ്പം പാറ പോലെ നിന്നു. എന്റെ മജ്ജ മാറ്റിവയ്ക്കൽ സമയത്ത് അവൾ എന്റെ കൈ പിടിച്ചു, ഞാൻ തകർന്നുവെന്ന് തോന്നിയപ്പോഴൊക്കെ അവൾ എന്നെ ചേർത്തുപിടിച്ചു. അവൾ എനിക്ക് പ്രതീക്ഷ നൽകി.
എന്നാൽ, പതുക്കെ അവൾ എന്നിൽ നിന്നും അകന്നു. എന്റെ കൂടെ കിടക്കാൻ അവൾ മടിച്ചു. നിസാര കാര്യങ്ങളെച്ചൊല്ലി വഴക്കടിച്ചു. ഞങ്ങൾ രണ്ടുപേരും ബുദ്ധിമുട്ടിലായിരുന്നു, അതിനാൽ അവൾ മാതാപിതാക്കളെ കാണാൻ പോയപ്പോൾ ഞാൻ സന്തോഷിച്ചു. അവൾ കുറച്ച് നാൾ സമാധാനത്തോടെ ഇരിക്കട്ടെ എന്ന് ഞാൻ കരുതി. എന്നാൽ, താമസിയാതെ എന്റെ ആരോഗ്യം വഷളാവുകയും എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഞാൻ അവളെ വല്ലാതെ മിസ് ചെയ്തു. എന്റെ ആദ്യത്തെ കീമോ സെഷന് ഒരു ദിവസം മുമ്പ്, ഞാൻ അവൾക്ക് മെസ്സേജ് അയച്ചു, ‘എപ്പോഴാണ് തിരികെ വരുന്നത്?’ അവൾ മറുപടി പറഞ്ഞു, ‘എനിക്ക് ഇനി നിങ്ങളോടൊപ്പം ജീവിക്കാൻ കഴിയില്ല.’ ഞാൻ അവളെ സമാധാനിപ്പിച്ചു, ‘ഞാൻ സുഖം പ്രാപിക്കും!’ പക്ഷെ അവളുടെ മറുപടി എന്നെ ഞെട്ടിച്ചു. ‘അസുഖമുള്ള ഒരാളുമായി ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ട് ആണ്. ഞാൻ വളരെ ചെറുപ്പമാണ്’ എന്നായിരുന്നു അവൾ പറഞ്ഞത്.
ഞാൻ തകർന്നുപോയി. കീമോ വേദനാജനകമായിരുന്നു, പക്ഷേ അവളുടെ വാക്കുകൾ എന്നെ കൂടുതൽ വേദനിപ്പിച്ചു. അതിനുശേഷം, അവൾ എന്റെ കോളുകൾക്ക് മറുപടി തരാതെ ആയി. ആഴ്ചകളോളം ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തി, ‘എനിക്ക് കാൻസർ ഇല്ലായിരുന്നെങ്കിൽ, ഞങ്ങൾ ഇപ്പോഴും ഒരുമിച്ചായിരിക്കും,’ ഞാൻ വിചാരിച്ചു. അവൾ നിന്നെ അർഹിക്കുന്നില്ലെന്ന് പറഞ്ഞ് അമ്മ ആശ്വസിപ്പിക്കും. അപ്പോഴൊക്കെ ഞാൻ നിഷേധിച്ചു. അവൾ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് ഞാൻ രാവും പകലും കരഞ്ഞു. എന്റെ ചികിത്സയിൽ എനിക്ക് താൽപര്യം നഷ്ടപ്പെട്ടു. എന്റെ രണ്ടാമത്തെ കീമോ സെഷനുശേഷം, ആശുപത്രിയിൽ പോകാൻ ഞാൻ വിസമ്മതിച്ചു, ഒരു മാസത്തിനുശേഷം, അവൾ എന്റെ അച്ഛനെ വിളിച്ച് പരസ്പര വിവാഹമോചനം ആവശ്യപ്പെട്ടു. അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് എല്ലാം അവസാനിച്ചെന്ന്.
ഞാൻ മരവിച്ചു പോയി. ഏകാന്തനായി. പക്ഷേ, എന്റെ ഡോക്ടർ എന്നെ പ്രചോദിപ്പിച്ചു. ആശുപത്രിയിൽ, അർദ്ധരാത്രിയിൽ വേദനയോടെ കരഞ്ഞുകൊണ്ട് ഞാൻ ഉണരുമ്ബോൾ, ഡോക്ടർ എന്നെ ആശ്വസിപ്പിക്കും. ഒടുവിൽ, ആറ് മാസവും 15 കീമോ സെഷനുകളും കഴിഞ്ഞ്, ഞാൻ കാൻസർ രഹിതമായി പുറത്തിറങ്ങി. എനിക്ക് കാൻസർ ഭേദമായി. എന്റെ ശരീരത്തിലെ വേദനകൾ മാറി. പിന്നീട്, അവളിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. എനിക്ക് എങ്ങനെയുണ്ടെന്ന് അവൾ പിന്നീടൊരിക്കലും ചോദിച്ചിട്ടില്ല. എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ വരുമെന്നാണ് അമ്മ പറയുന്നത്. അവളോടൊത്തുള്ള നിമിഷങ്ങൾ ഏറെ വിലപ്പെട്ടതാണ്. ആത്മാർഥമായി നിങ്ങളെ സ്നേഹിക്കുന്ന ഒരാൾ ബുദ്ധിമുട്ട് വരുന്ന സമയത്ത് വിട്ടുപോകില്ലെന്നാണ് ഞാൻ കരുതുന്നത്. അതൊർത്താണ് ഞാൻ സമാധാനിക്കുന്നത്. സ്നേഹം വീണ്ടും കണ്ടെത്താമെന്ന് പ്രതീക്ഷയുണ്ട്.