ഉത്തരാഖണ്ഡ് : തീവ്രവാദികളെ നമ്മുടെ സൈനികർ അവരുടെ മടയില്‍ക്കയറി കൊല്ലുന്ന സ്ഥിതിവിശേഷമാണ് ബിജെപി ഭരണത്തിനു കീഴിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബി.ജെ.പി. നയിക്കുന്ന ശക്തമായ കേന്ദ്രസർക്കാർ സൈനികർക്ക് നല്കുന്ന ധൈര്യത്തിന്റെയും പിന്തുണയുടെയും ഫലമാണിതെന്നും മോദി പറഞ്ഞു. ഉത്തരാഘണ്ഡിലെ ഋഷികേശില്‍ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശക്തവും സ്ഥിരതയുള്ളതുമായ ഒരു ഭരണസംവിധാനമാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. അതുകൊണ്ടുതന്നെ ഇനിയും മോദി സർക്കാർ അധികാരത്തിലെത്തണം എന്ന ആവശ്യമാണ് രാജ്യത്തുടനീളം കേള്‍ക്കാൻ സാധിക്കുന്നത്. രാജ്യം ഭീരുക്കള്‍ ഭരിച്ചിരുന്നപ്പോഴൊക്കെ തീവ്രവാദികള്‍ ഇവിടേക്ക് നുഴഞ്ഞുകയറിയിരുന്നു, രാജ്യത്ത് തീവ്രവാദം പടർന്നിരുന്നു. പക്ഷേ, ഇപ്പോള്‍ ഇന്ത്യ ശക്തമായ മോദി സർക്കാരിന്റെ ഭരണത്തിൻകീഴിലാണ്. തീവ്രവാദികളെ നമ്മുടെ സൈനികർ അവരുടെ മടയില്‍ക്കയറി കൊല്ലുന്നതാണ് കാണാൻ കഴിയുന്നതെന്നും മോദി പറഞ്ഞു.
ദുർബലരായ കോണ്‍ഗ്രസ് സർക്കാരിന്, അവരുടെ ഭരണകാലത്ത് ഇന്ത്യയുടെ അതിർത്തികള്‍ ശക്തിപ്പെടുത്താനുള്ള കഴിവില്ലായിരുന്നു. നല്ല ഒരു റോഡ് പണിയാനോ അവിടേക്ക് സൈന്യത്തെ വിന്യസിക്കാനോ അവർക്കായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അതല്ല സ്ഥിതി. അതിർത്തികളില്‍ നല്ല റോഡുകളും ടണലുകളുമൊക്കെ നിർമിക്കപ്പെട്ടു. അതുമാത്രമല്ല, രാജ്യത്തുനിന്ന് അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കാനും തനിക്കായെന്നും അതിന്റെ ദേഷ്യമാണ് പ്രതിപക്ഷ പാർട്ടികള്‍ക്ക് തന്നോടുള്ളതെന്നും മോദി പറഞ്ഞു. ബ്രഹ്മകമലത്തിന്റെ നാടാണ് ഉത്തരാഖണ്ഡ്. അതുകൊണ്ട് വോട്ടിങ്മെഷീനിലെ താമര ചിഹ്നത്തില്‍ തന്നെ നിങ്ങളുടെ വിരലുകള്‍ പതിപ്പിക്കണം. ഉത്തരാഘണ്ഡിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അവരെ പാടെ ഒഴിവക്കി ഉത്തരാഖണ്ഡിലെ അഞ്ച് ലോക്സഭാ സീറ്റുകളിലും താമരയ്ക്ക് വോട്ടുനല്‍കി ബി.ജെ.പി. സ്ഥാനാർഥികളെ തന്നെ വിജയിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.