ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസിന് മുന്നിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ. ബെംഗളൂരുവിൽ നിന്നും രാവിലെ വിമാനം മാർഗ്ഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയത്. എക്സൈസ് ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂർ മുമ്പ് എക്സൈസ് ഓഫീസിൽ ഷൈൻ ടോം ചാക്കോ ഹാജരായി. രാവിലെ 7.30 ഓടെയാണ് ഷൈൻ എക്സൈസ് ഓഫീസിലെത്തിയത്.
താൻ ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈൻ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് എത്തണമെന്നാണ് ഷൈൻ ടോം ചാക്കോയ്ക്ക് എക്സൈസ് നോട്ടീസ് നൽകിയിരുന്നത്. കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമയെ അറിയുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാൻ ഷൈൻ തയ്യാറായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം നടൻ ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിനായി എക്സൈസ് ഓഫീസിലെത്തിയിട്ടുണ്ട്. കൊച്ചിയിലെ മോഡൽ ആയ സൗമ്യയെയും ഇന്നാണ് ചോദ്യം ചെയ്യുക. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ. ആദ്യ ഘട്ടത്തിൽ ഒറ്റയ്ക്കിരുത്തിയാകും ചോദ്യം ചെയ്യുക. പിന്നീട് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനു ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക.
ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലീമ എക്സൈസിന് നൽകിയ മൊഴി. പിന്നീട് എക്സൈസ് തസ്ലീമയുടെ ഫോൺ പരിശോധിച്ചപ്പോൾ ഇവർ തമ്മിൽ വാട്ട്സ്ആപ്പ് കോളുകൾ നടത്തിയതായി എക്സൈസ് കണ്ടെത്തിയിരുന്നു. ശ്രീനാഥ് ഭാസിയുമായി വാട്ട്സ്ആപ്പ് ചാറ്റ് നടത്തിയതായും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളെല്ലാം ചോദ്യം ചെയ്യലിൽ എക്സൈസിന് സഹായകരമാകും.