ഹൈദരാബാദ്: പഠനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥിയെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി.തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് ബോധൻ ടൗണിലെ സർക്കാർ ഹോസ്റ്റലില്‍ വച്ച് വെങ്കട് എന്ന വിദ്യാര്‍ഥിയെ (19) പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.ഗാന്ധാരി മണ്ഡലത്തിലെ തിപ്പരി താണ്ട സ്വദേശിയാണ് വെങ്കട്. ഹോസ്റ്റലില്‍ താമസിച്ചാണ് വെങ്കിട് ഡിഗ്രി കോഴ്സ് ചെയ്തുകൊണ്ടിരുന്നത്. പ്രതികള്‍ വെങ്കിടിനെ ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം മര്‍ദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ വെങ്കട് ആവശ്യപ്പെട്ടതാണ് ജൂനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. വെങ്കട്ട് ‘സ്റ്റഡി അവർ ഇൻ-ചാർജ്’ ആയിരുന്നതിനാല്‍, ചാറ്റിംഗ് നിർത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നു.ഇതില്‍ രോഷാകുലരായ ജൂനിയേഴ്സ് വെങ്കിടിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പ്രതികളെ പിടികൂടി പൊലീസിന് കൈമാറി. ആറ് വിദ്യാര്‍ഥികള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് വെങ്കിടിന്റെ ബന്ധുക്കള്‍ സമരം നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.