ഹൈദരാബാദ്: തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അല്‍പനേരം അവധി നല്‍കി പ്രസവശസ്ത്രക്രിയ നടത്തി ഡോക്ടർ കൂടിയായ സ്ഥാനാർഥി. ആന്ധപ്രദേശിലെ തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി.) സ്ഥാനാർഥിയായ ഗോട്ടിപതി ലക്ഷ്മിയാണ് പ്രചാരണം മാറ്റിവെച്ച് ശസ്ത്രക്രിയയ്ക്കെത്തിയത്. പ്രകാശം ജില്ലയിലെ ദാർസി നിയമസഭാമണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന ലക്ഷ്മി വ്യാഴാഴ്ച പ്രചാരണത്തിനായി പുറപ്പെടുന്ന സമയത്താണ് പ്രസവത്തിനെത്തിയ ഒരു സ്ത്രീയ്ക്ക് അടിയന്തരശസ്ത്രക്രിയ വേണമെന്നുള്ള സന്ദേശം എത്തിയത്. വെങ്കട്ട രമണ എന്ന യുവതിയ്ക്ക് അമ്നിയോട്ടിക് ദ്രവം നഷ്ടമാകുന്നുവെന്നും ഗർഭിണിയ്ക്കോ ഗർഭസ്ഥശിശുവിനോ ജീവന് ഭീഷണിയായേക്കാവുന്ന സാഹചര്യമാണുള്ളതെന്നും അറിഞ്ഞതോടെ ലക്ഷ്മി യുവതിയെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ചു.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ യുവതിയെ ഗുണ്ടൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള നിർദേശം നല്‍കിയിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് അവിടെയെത്തിച്ചേർന്ന ലക്ഷ്മി അടിയന്തരശസ്ത്രക്രിയ നടത്തി അമ്മയെയും കുഞ്ഞിനേയും രക്ഷിച്ചു. രാഷ്ട്രീയപാരമ്ബര്യമുള്ള കുടുംബാംഗമായ ലക്ഷ്മി ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ടി.ഡി.പി. ജയിക്കുന്നപക്ഷം ദാർസിയില്‍ സർവസജ്ജീകരണങ്ങളുമുള്ള ആശുപത്രി നിർമിക്കുമെന്ന് ലക്ഷ്മി പറഞ്ഞു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായും അവർ അറിയിച്ചു. ആന്ധ്രപ്രദേശിലെ 175 നിയമസഭാ മണ്ഡലങ്ങളിലേക്കും 25 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് മേയ് 13നാണ് നടക്കുന്നത്. ജഗൻ മോഹൻ റെഡ്ഡി നേതൃത്വം നല്‍കുന്ന വൈഎസ്‌ആർ കോണ്‍ഗ്രസ് 151 സീറ്റുകള്‍ നേടി കഴിഞ്ഞതവണ അധികാരത്തിലെത്തിയിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി 23 സീറ്റുകള്‍ മാത്രമാണ് നേടിയത്. ലോക്സഭയിലേക്ക് വൈആർഎസ് കോണ്‍ഗ്രസ് 22 ഉം ടി.ഡി.പി. മൂന്നു സീറ്റുമാണ് നേടിയത്.