കോട്ടയം: മാങ്ങാനം സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ടാപ്പ് മോഷണത്തിൽ പള്ളിയിലെ ഇടവക ജനറൽ അസിസ്റ്റന്റിനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമത്തിനെതിരെ വ്യാപാക പ്രതിഷേധം ശക്തമാകുന്നു. ടാപ്പ് മോഷണക്കേസിൽ പൊലീസിൽ പരാതി നൽകിയപ്പോൾ ഇടവക ജനറൽ അസിസ്റ്റന്റിന്റെ പേരും തിരുകിക്കയറ്റാൻ നടത്തിയ ശ്രമത്തിലാണ് ഇടവക വിശ്വാസികൾ കടുത്ത പ്രതിഷേധം ഉയർത്തുന്നത്. വിഷയത്തിൽ വിശ്വാസികളുടെ ഭാഗത്തു നിന്നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി നേരത്തെ സഭാ അധ്യക്ഷന് അടക്കം പരാതി നൽകിയിരുന്നു. ഈ പരാതിയിലും നടപടിയില്ലാതെ വന്നതോടെ ഇപ്പോൾ വിശ്വാസികൾ പള്ളിയുടെ ഇടവക സംഘയോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇടവക സംഘയോഗം വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് 192 ഇടവകാംഗങ്ങൾ ഒപ്പിട്ട കത്ത് പള്ളി വികാരിയ്ക്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 24 ന് കമ്മിറ്റി വിളിച്ചു ചേർക്കാൻ തീരുമാനമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിഷയം കൂടുതൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.