ന്യൂഡൽഹി: യുദ്ധ സാഹചര്യം അല്ലാത്തപ്പോൾ ഒരു രാജ്യത്തിനെതിരെ ഇത്രയും രൂക്ഷമായ ഒരു പ്രസ്താവന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇറക്കുന്നതും അവിടത്തെ നയതന്ത്ര ഉദ്യോഗസ്ഥരെ മുഴുവനായും പിൻവലിക്കുന്നതും ഒരുപക്ഷേ ഇതാദ്യമായിരിക്കും. അതും ഒരു ഒന്നാം ലോകരാജ്യത്തിനെതിരെ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ്കുമാർ വർമ അടക്കമുള്ള ചില ഇന്ത്യൻ നയതന്ത്രജ്ഞർ ഖലിസ്താൻ നേതാവ് ഹർദീപ് സിംഗ് നിജ്ജർ കൊലക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവരാണ് (ജലൃീെി െീള കിലേൃലേെ) എന്നു കാണിച്ച് കാനഡ കത്തെഴുതിയതാണ് ഇന്ത്യക്ക് പ്രകോപനമായത്.
പ്രസ്താവനയ്ക്ക് പിന്നാലെ, കാനഡയുടെ ഡൽഹിയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സ്റ്റുവർട്ട് വീലറിനെ വിളിപ്പിച്ച ഇന്ത്യ, കാനഡയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരേയും തിങ്കളാഴ്ച തിരിച്ചുവിളിച്ചു. സങ്കുചിതമായ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് ട്രൂഡോ സർക്കാർ ഇന്ത്യയെ കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നതെന്ന് പ്രസ്താവന തുറന്നടിക്കുന്നു. ‘അബദ്ധജടിലമായ ആരോപണങ്ങളെ ഇന്ത്യ ശക്തിയായി തള്ളിക്കളയുന്നു; അവ വോട്ടുബാങ്ക് രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയുള്ള ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്’- പ്രസ്താവന നിലപാട് വ്യക്തമാക്കുന്നു. ‘കഴിഞ്ഞ സെപ്റ്റംബർ 23-ന് ട്രൂഡോ ചില ആരോപണങ്ങൾ ഉയർത്തിയിരുന്നുവെങ്കിലും പലതവണ അപേക്ഷിച്ചിട്ടും അതിനെ സാധൂകരിക്കുന്ന തെളിവിന്റെ ഒരംശം പോലും തങ്ങൾക്കു കൈമാറിയിട്ടില്ല. അന്വേഷണം എന്ന വ്യാജേന രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ കരിവാരി തേയ്ക്കാനുള്ള മനഃപൂർവമായ തന്ത്രമാണ് – പ്രസ്താവനയുടെ ഉള്ളടക്കം ഇങ്ങനെ നീളുന്നു. ദീർഘകാലമായി ട്രൂഡോ ഇന്ത്യയോടു കാട്ടുന്ന ശത്രുതയുടെ തെളിവുകൾ സർക്കാർ നിരത്തുന്നുണ്ട്. 2018-ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹം ഒരു വോട്ടുബാങ്കിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് തിരിച്ചടിച്ചെന്നും അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തീവ്രവാദികളും വിഘടനവാദികളുമായവർ ഉണ്ടെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെ വിഷമിപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്ന കൊടുംതീവ്രവാദികൾക്കും ഭീകരപ്രവർത്തകർക്കും ട്രൂഡോയുടെ സർക്കാർ പതിവായി സഹായം നൽകിവരുന്നതായും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഇതിനൊക്കെ സൗകര്യം ചെയ്യുന്നതെന്നും ഇന്ത്യയിലെ കനേഡിയൻ കമ്മീഷന്റെ പ്രവർത്തനങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും പ്രസ്താവന പറയുന്നു. കനേഡിയൻ മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദി, വിഘടനവാദി ശക്തികളെ നിയന്ത്രിക്കാൻ കാനഡ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിക്കുന്നു ഈ പ്രസ്താവന. മുപ്പത്തിയാറു വർഷമായി രാജ്യത്തിന് വിശിഷ്ടസേവനം നൽകി വരുന്ന ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയ്‌ക്കെതിരായ ആരോപണങ്ങൾ അസംബന്ധമാണ്, അവയെ അവജ്ഞയോടെ തള്ളിക്കളയുന്നു. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കാൻ കാനഡ സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് പകരമായി തുടർ നടപടികളെടുക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും വിദേശമന്ത്രാലയം കാനഡയ്ക്ക് മുന്നറിയിപ്പു നൽകി.
ഈ വർഷം ഖലിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ മുഴങ്ങിയ ഒരു യോഗത്തിൽ ട്രൂഡോ പ്രസംഗിച്ചു, അതിൽ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഒരു ഖലിസ്താൻ അനുകൂല പരിപാടിയിൽ ഇന്ത്യയുടെ മുൻപ്രധാനമന്ത്രിയെ വധിക്കുന്ന നിശ്ചലദൃശ്യം പ്രദർശിപ്പിച്ചിരുന്നു. പല തവണ ഇന്ത്യയുടെ നയതന്ത്ര മിഷനുകൾക്ക് മുന്നിൽ സമരമുണ്ടായി. കഴിഞ്ഞ ജൂൺമാസം വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പലതവണ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇത്തരം പ്രകോപനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ കാനഡ വകവെച്ചു കൊടുക്കുന്നുവെന്ന് ഇന്ത്യ പരാതിപ്പെടുന്നു.
ഒരുപക്ഷേ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഇത്ര രൂക്ഷമായ പ്രതികരണം പ്രതീക്ഷിച്ചതായിരുന്നു എന്നുവേണം പറയാൻ. സമീപകാലത്ത് അത്രയധികം വഷളായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. കഴിഞ്ഞവർഷം ജൂൺ 18-ന് ഖലിസ്താൻ തീവ്രവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ കൊല്ലപ്പെട്ടപ്പോൾ അതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ജസ്റ്റിൻ ട്രൂഡോ തന്നെ രംഗത്തുവന്നു. ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയുടെ പുറത്തുവച്ച്് അജ്ഞാതായ രണ്ട് തോക്കുധാരികൾ നിജ്ജറിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇന്ത്യയിൽ കൊലപാതകം അടക്കമുള്ള കുറ്റങ്ങളിൽ പ്രതിയാണ് നിജ്ജർ. 2007-ൽ പഞ്ചാബിൽ ഒരു സിനിമാ തിയേറ്ററിൽ നടന്ന ബോംബ് സ്‌ഫോടനത്തിലും 2021-ൽ ഒരു ശിവസേന നേതാവിനെതിരായ വധശ്രമത്തിലും അയാൾ പ്രതിയായിരുന്നു. ഖലിസ്താനി സംഘടന ബബ്ബർ ഖൽസയുമായി അടുത്ത ബന്ധമുണ്ടായിരുന്ന നിജ്ജർ 1995-ൽ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗ് വധിക്കപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് പലായനം ചെയ്തയാളാണ്.
ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് 2016-ൽ നിജ്ജറിനെ കനേഡിയൻ പോലീസ് ചോദ്യം ചെയ്യുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. സുരക്ഷാഭീഷണി കാരണം നിജ്ജറിനെ വിമാനയാത്രയ്ക്ക് അനുമതിയില്ലാത്തവരുടെ ലിസ്റ്റിൽ കാനഡ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടുപോലും നിജ്ജറിന്റെ ഒന്നാം ചരമവാർഷികത്തിൽ കനേഡിയൻ പാർലമെന്റ് ഒരു മിനിറ്റ് മൗനം ആചരിച്ച് ഉപചാരമർപ്പിച്ചത് പരക്കെ ചോദ്യം ചെയ്യപ്പെട്ടതാണ്. ഇന്ത്യയെപ്പോലെ തന്നെ കാനഡയ്ക്കും സുരക്ഷാ ഭീഷണിയായിരുന്ന നിജ്ജറിന് എന്തുകൊണ്ടാണ് ഇത്ര വലിയ പ്രാധാന്യം നൽകുന്നത് എന്ന ചോദ്യം കാനഡയിൽ നിന്നുതന്നെ ഉയർന്നിരുന്നു.
ഇന്ത്യൻ ഏജന്റുകൾക്ക് കൊലപാതകത്തിൽ പങ്കുണ്ട് എന്ന് ഒരു തെളിവുമില്ലാതെയാണ് കനേഡിയൻ പ്രധാനമന്ത്രി ആരോപിച്ചത്. ആരോപണങ്ങൾ തികച്ചും ദുരുപദിഷ്ടമാണെന്നും അസംബന്ധമാണെന്നും പറഞ്ഞ് ഇന്ത്യ അതിനെ തള്ളിക്കളഞ്ഞിരുന്നു. പാകിസ്താനിൽ നിരവധി ഇന്ത്യാവിരുദ്ധ ഭീകരർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്ന ആ സീസണിൽ ഒറ്റ നോട്ടത്തിൽ സാധ്യതയുണ്ടെന്നു തോന്നിച്ച ആരോപണമായിരുന്നെങ്കിലും ഒരു തെളിവും ഹാജരാക്കാൻ പോലീസിനായില്ല. കൊല നടന്ന് ഒരു വർഷം പിന്നിട്ടിട്ടും ആർ.സി.എം.പി (റോയൽ മൗണ്ടഡ് കനേഡിയൻ പോലീസ്) ഇപ്പോഴും കേസ് അന്വേഷിക്കുകയാണ്. നാലു സിഖ് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അത് കുറ്റവാളി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആയിരിക്കാക്കാനാണ് കൂടുതൽ സാധ്യത. ഈ കേസിൽ ഇന്ത്യയ്ക്ക് ഒന്നും ഒളിക്കാനില്ലെന്നാണ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ അന്നും ഇന്നും പറയുന്നത്.
കഴിഞ്ഞയാഴ്ച ലാവോസിൽ നടന്ന ആസിയാൻ സമ്മേളനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാനും ഈ വിഷയം ചർച്ചയാക്കാനും ട്രൂഡോ ശ്രമിച്ചെങ്കിലും മോദി വഴങ്ങിയില്ല. ഇരുവരും തമ്മിൽ ഹസ്തദാനം പോലും ഉണ്ടായില്ലത്രെ. ഒക്ടോബർ 16-ന് കനേഡിയൻ രാഷ്ട്രീയത്തിലെ വിദേശ ഇടപെടലിനെ കുറിച്ച് പരസ്യ അന്വേഷണം നടത്തുന്ന ഫെഡറൽ ഇലക്ടറൽ പ്രോസസ് ആൻഡ് ഡെമോക്രാറ്റിക് ഇൻസ്റ്റിറ്റിയൂഷൻസിനു മുന്നിൽ ട്രൂഡോ ഹാജരാകേണ്ടതുണ്ട്. ഖലിസ്താൻ അനുകൂല പാർട്ടിയായ എൻ.ഡി.പിയുടെ കൂടി പിന്തുണയോടെ ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന ട്രൂഡോയ്ക്ക് അവരെ കൂടെ നിർത്തുക എന്നത് നിലനിൽപ്പിന്റെ പ്രശ്‌നമാണ്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവുമധികം സിഖുകാരുള്ളത് കാനഡയിലാണ്- ഏതാണ്ട് ഏഴേമുക്കാൽ ലക്ഷം പേർ! ജനപ്രീതിയിൽ ഏറെ പിന്നിലായ ട്രൂഡോയ്ക്ക് സിഖു സമുദായത്തെയും അവരുടെ പാർട്ടിയെയും പ്രീണിപ്പിക്കാതെ വയ്യ.
കഴിഞ്ഞ ആഴ്ച വിദേശ ഇടപെടൽ സംബന്ധിച്ച് അന്വേഷണ കമ്മീഷനു മുന്നിൽ ഹാജരായ കാനഡയുടെ വിദേശമന്ത്രി മെലാനി ജോളി, നിജ്ജർ വധത്തിൽ പങ്കുണ്ടെന്നു ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തങ്ങളുടെ ലക്ഷ്യമാണെന്നും പോലീസ് അവരുടെ ജോലി ചെയ്യുകയാണെന്നും പറഞ്ഞു. ഒക്ടോബർ ആദ്യവാരം കാനഡയിലെ ഖലിസ്താൻ വാദക്കാരെ കുറിച്ച് ചോദിച്ചപ്പോൾ കാനഡയുടെ വിദേശകാര്യ ഉപമന്ത്രി ഡേവിഡ് മോഡിസൺ പറഞ്ഞത് ‘സംഗതി വളരെ മോശമാണ്, പക്ഷേ നിയമപരമാണ്’ എന്നാണ്. (അംളൗഹ യൗ േഹമംളൗഹ). നമ്മൾ കാണാൻ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്, പക്ഷേ അവയൊക്കെ സംസാര സ്വാതന്ത്ര്യത്തിന് കീഴിൽ സംരക്ഷിക്കപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കനേഡിയൻ മണ്ണിൽ ഇന്ത്യാ വിരുദ്ധ തീവ്രവാദ ശക്തികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ഇടം കൊടുക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാനപ്രശ്‌നമെന്നും അവർക്ക് എതിരെ ശക്തമായ നടപടിയെടുക്കണമെന്നുമാണ് ദീർഘകാലമായി ഇന്ത്യ ആവർത്തിക്കുന്ന കാര്യം.
കുറച്ചുകാലമായി വിദേശമന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ ഇന്ത്യ നയതന്ത്രപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത് ഒരു പ്രത്യേക രീതിയിലാണ്. പറയേണ്ട കാര്യങ്ങൾ പച്ചയ്ക്ക് പറയും (ചില അപവാദങ്ങളില്ലെന്നല്ല), വേണ്ടിവന്നാൽ കടുത്ത തീരുമാനങ്ങളെടുക്കും. ഇന്ത്യയുടെ വളരെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ നിജ്ജർ വധക്കേസിൽ പെടുത്താനുള്ള നീക്കത്തെ ഇന്ത്യ നേരിടുന്നത് കാണേണ്ട കാഴ്ചയായിരിക്കും. അതിന്റെ ആദ്യഭാഗമാണ് കാനഡയുടെ നയതന്ത്രമുഖ പ്രസ്താവന. രണ്ടാം ഭാഗം റിലീസാകും മുമ്ബ് കാനഡയ്ക്ക് ബുദ്ധി ഉദിക്കുമോയെന്ന് ഉറപ്പില്ല.