ഇടുക്കി : ജില്ലയിലെ അറക്കുളം പഞ്ചായത്തിലെ കുരുതിക്കുളം ഭാഗത്ത് കരിപ്പിലങ്ങാട് മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരങ്ങൾ കടപുഴകി 2 കാറുകൾക്ക് മുകളിലേക്ക് വീണു. കാറിൽ ഉണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനം തുടർന്നു വരികയാണ്. ഈ മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിവരം അറിഞ്ഞ ഉടൻ തന്നെ അപകട സ്ഥലത്ത് എത്താൻ സാധിച്ചു. മണ്ണും മരവും നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിച്ചു വരികയാണ്.
കരിപ്പലങ്ങാട് ഒരു വീടിന്റെ പിൻഭാഗത്തേക്ക് മണ്ണ് ഇടിഞ്ഞു വീണ് ഒരാൾക്ക് പരുക്കേറ്റു. ഈ മേഖലകളിൽ എല്ലാം എത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഇലപ്പള്ളി ഭാഗത്ത് ഷോക്കേറ്റ ആളെ ആശുപത്രിയിൽ സന്ദർശിച്ചു. എല്ലാവരും ജാഗ്രത പുലർത്തണം. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ശ്രദ്ധിക്കുക. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കലക്ടർമാർ, ആർഡിഒ, സബ് കലക്ടർമാർ ഉൾപ്പെടെ ഉള്ളവർ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.