ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഞായറാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറക്കുന്നത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവില്‍ 2398.8 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ നിലനില്‍ക്കുന്നത്. 2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മാത്രമാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു. ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്റെ പകുതി പോലും തുറന്ന് വിടുന്നില്ല. മഴ കനത്താല്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടേണ്ടി വരും.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുകയാണെങ്കില്‍ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി ഡാം തുറക്കാനുള്ള നടപടി സ്വീകരിച്ചത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അപ്പര്‍ റൂള്‍കര്‍വ് അനുസരിച്ച് 2400.03 അടിയാണ് ഇടുക്കിയുടെ സംഭരണശേഷി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം മൂലമറ്റം പവര്‍ഹൗസിലെ ഒരു ജനറേറ്റര്‍ തകരാരിലായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 140 അടിയായി ജലനിരപ്പ് ഉയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. രാത്രി മുതലുള്ള കണക്ക് പ്രകാരം നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 140 അടി കവിഞ്ഞതോട് കൂടിയാണ് തമിഴ്നാട് കേരളത്തിന് ഒരു മുന്നറിയിപ്പ് നല്‍കിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ ശക്തി പ്രാപിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ നദീതീരങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്(Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട്14-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി,കാസര്‍കോട് , 15-11-2021: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
യെല്ലോ അലര്‍ട്ട്14-11-2021: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, 15-11-2021: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, 16-11-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്