ന്യൂസ് ഡെസ്ക് : വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയായ പെൺകുട്ടിയ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതിയെ കോടതി വെറുതേ വിട്ടതിനു പിന്നിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഒത്തുകളിയുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
തുടക്കം മുതൽക്കേ ഈ കേസ് അട്ടിമറിക്കാനുള്ള നീക്കം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി. പ്രതി അർജുനൻ ഡി വൈ എഫ് ഐ പ്രാദേശിക നേതാവാണ്. അതുകൊണ്ടു തന്നെ കേസിന്റെ തുടക്കം മുതൽ സി പി എം നേതൃത്വത്തിന്റെ ഇടപെടലുണ്ടായി. ഇക്കാര്യം അന്നു മുതൽക്കു തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം നടന്ന് അധികം വൈകാതെ താൻ കുട്ടിയുടെ വീട് സന്ദർശിച്ച കാര്യവും രമേശ് ചെന്നിത്തല ഓർമിപ്പിച്ചു. വളരെ നിർധനരായ മാതാപിതാക്കളെ സ്വാധീനിച്ച് കേസിൽ നിന്നു പിന്തിരിപ്പിക്കാൻ പ്രതിയുടെ ഭാഗത്തു നിന്നു വലിയ ശ്രമം ഉണ്ടായി. എന്നാൽ ശക്തമായ പ്രതിപക്ഷ ഇടപെടൽ മൂലമാണ് പൊലീസ് കേസുമായി മുന്നോട്ടു പോയത്. ആറു വയസുള്ള ഒരു കുട്ടി ഒരിക്കലും സ്വമേധായ തൂങ്ങി മരിക്കില്ല. സംഭവം നടന്നതു മുതൽ തന്നെ ഇതൊരു കൊലപാതകമാണെന്ന് കുട്ടിയുടെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മാനഭംഗവും കൊലപാതകവും സ്ഥിരീകരിക്കപ്പെട്ടിരുന്നു.
പ്രതി അർജുൻ സ്വമേധയാ കുറ്റം സമ്മതിച്ചതാണ്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. അന്തിമ വിധി വന്നപ്പോൾ ഇരയ്ക്കു നീതി കിട്ടിയില്ല.
പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഒത്തുകളി മൂലമാണ് കേസ് അട്ടമറിക്കപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് നീതിയുക്തമായി അന്വേഷിച്ച് ഉയർന്ന നീതിപീഠത്തിലെത്തിച്ച് ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.