തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച സംഭവം വിവാദമാക്കിയ കെവി തോമസിന് വിഡി സതീശന്റെ പരിഹാസം. ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്ത ആളോട് എന്ത് മറുപടി പറയാന്‍ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. വാര്‍ത്താ സമ്മേളത്തിലായിരുന്നു വിഡി സതീശന്‍ കെവി തോമസിന്റെ ആരോപണങ്ങള്‍ തള്ളിയത്. ഇഫ്താര്‍ വിരുന്ന് നടത്തരുത് എന്ന് തനിക്ക് പാര്‍ട്ടിയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
‘ഇഫ്താറിന്റെ അര്‍ത്ഥവും ലക്ഷ്യവും അറിയാത്ത ആളിന് എന്ത് മറുപടി പറയാനാണ്. കെ കരുണാകരന്‍ പ്രതിപക്ഷ നേതാവായിരിക്കെ തുടങ്ങിവച്ച കീഴ്‌വഴക്കം തുടരുകയാണ് ചെയ്തത്. തനിക്ക് മുൻപുള്ള പ്രതിപക്ഷ നേതാക്കളും ഇഫ്താര്‍ വിരുന്ന് നടത്തിയിരുന്നു’ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .’ഇഫ്താര്‍ സംഗമത്തിന് ഇപ്പോള്‍ വലിയ പ്രസക്തിയുണ്ട്. സംഘര്‍ഷങ്ങളും, വിദ്വേഷവും വര്‍ധിക്കുന്ന ഒരു കാലത്ത് എല്ലാവരെയും ഒരു വേദിയില്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ അര്‍ത്ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ താനെന്ത് മറുപടി പറയണം’ വിഡി സതീശന്‍ പറഞ്ഞു.