ഇറ്റാനഗർ: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സൈനിക ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകൾ. അരുണാചൽ പ്രദേശിലെ തവാംഗിൽ യാംഗ്ത്സെയ്ക്ക് സമീപം ഡിസംബർ ഒൻപതിനാണ് സംഭവമുണ്ടായതെന്ന് വിവിധ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെക്കുറിച്ച് നേരിട്ട് വിവരമുളള പ്രതിരോധ വൃത്തങ്ങൾ ഏറ്റുമുട്ടൽ സ്ഥിരീകരിച്ചു. അരുണാചലിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. 2020 ജൂൺ 15നുണ്ടായ ഗാൽവൻ ഏറ്റുമുട്ടലിന് ശേഷം ഇരു രാജ്യത്തെ സൈനികരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന ആദ്യ സംഭവമാണ് ഇത്.
ഏറ്റുമുട്ടലിൽ സൈനികർക്ക് ജീവാപായം ഉണ്ടായിട്ടില്ലെന്നും നിരവധി പേർക്ക് പരിക്കുണ്ടെന്നാണ് വിവരം. എന്നാൽ ഇന്ത്യൻ സൈനികർക്കുളളതിലും വളരെയധികം ചൈനീസ് സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിക്കുന്നു. 600 ചൈനീസ് സൈനികർ സംഘർഷസ്ഥലത്ത് ഉണ്ടായിരുന്നെന്നാണ് വിവരം. കൈകാലുകൾ ഒടിവടക്കം പരിക്കേറ്റ ഇന്ത്യൻ സൈനികരെ ഗുവാഹത്തിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020ലെ സംഭവശേഷം ഇതാദ്യമായല്ല ചൈന അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കുന്നത്. 2021 ഒക്ടോബറിൽ യാംഗ്‌ത്സെയിൽ ചൈനീസ് സൈനികരുടെ വലിയ സംഘം മണിക്കൂറുകളോളം നിലയുറപ്പിച്ചിരുന്നു. എന്നാൽ അന്ന് ഏറ്റുമുട്ടലിലേക്കെത്തിയില്ല. അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനം ഇന്ത്യ നടത്തുന്നതിന് ചൈന അനുകൂലമല്ല. ഗാൽവാൻ ഏറ്റുമുട്ടലിൽ ഇന്ത്യയുടെ ഇരുപത് സൈനികരാണ് വീരചരമമടഞ്ഞത്. എന്നാൽ ചൈനയുടെ 45ഓളം പേരാണ് മരണമടഞ്ഞതെന്നാണ് വിവരം.