പൂനെ : ഏകദിന ലോകകപ്പില്‍ പാകിസ്താനെ എട്ടാം തവണയും തോല്‍പ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഇതോടെ ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു.പാകിസ്താൻ നേരിട്ട ഏക തോല്‍വി ഇന്ത്യയ്ക്കെതിരെയാണ്. എങ്കിലും ഇന്ത്യയോടേറ്റ കനത്ത തോല്‍വി പാകിസ്താന്റെ സെമി സാധ്യതകള്‍ക്ക് ചോദ്യ ചിഹ്നം ആയിട്ടുണ്ട്. ലോകകപ്പില്‍ ഇനി ഇന്ത്യയെ നേരിടണമെങ്കില്‍ പാകിസ്താൻ കുറഞ്ഞത് സെമിയില്‍ എത്തണം. എന്നാല്‍ പാകിസ്താൻ ആരാധകര്‍ക്ക് ഇന്ത്യയുടെ തോല്‍വി കണ്ടേ തീരു. ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താൻ നടി സെഹാര്‍ ഷിന്‍വാരി. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഒരു ബംഗ്ലാദേശ് താരവുമായി ഡേറ്റിന് തയ്യാറാണെന്ന് നടി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ധാക്കയിലേക്ക് വരുമെന്നും ബംഗാളി പയ്യനുമായി ഫിഷ് ഡിന്നര്‍ കഴിക്കുമെന്നുമാണ് താരത്തിന്റെ വാഗ്ദാനം.
ഏഷ്യാ കപ്പില്‍ പാകിസ്താനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച ഇന്ത്യ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങിയിരുന്നു. ലോകകപ്പിലും അട്ടിമറി ഉണ്ടാകുമെന്നാണ് ബംഗ്ലാദേശിന്റെയും പാക് ആരാധകരുടെയും പ്രതീക്ഷ. മുൻപും പാക് നടി ഇന്ത്യയുടെ തോല്‍വിക്കായി വാഗ്ദാനങ്ങള്‍ നടത്തിയിട്ടുണ്ട്. 2022ലെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ സിംബാബ്വെക്കാരനെ വിവാഹം കഴിക്കാമെന്നായിരുന്നു താരത്തിന്റെ ഓഫര്‍. പാകിസ്താനെ ഒരു റണ്‍സിന് സിംബാബ്വെ അട്ടിമറിച്ചതിന് പിന്നാലെ ആയിരുന്നു താരത്തിന്റെ വാഗ്ദാനം. എന്നാല്‍ ഇന്ത്യയ്ക്കെതിരെ സിംബാബ്വെ വഴങ്ങിയത് 71 റണ്‍സിന്റെ വലിയ തോല്‍വി ആയിരുന്നു.