പാരിസില്‍ നടക്കുന്ന പാരാലിമ്പിക്സില്‍ ഇന്ത്യ സ്വർണത്തോടെ അക്കൗണ്ട് തുറന്നു. ഷൂട്ടർ അവ്നി ലെഖാര സ്വർണം നേടിയപ്പോള്‍ മോന അഗർവാള്‍ വെങ്കലവും വെടിവച്ചിട്ടു. വനിതകളുടെ 10 മീറ്റർ എയർ റൈഫിള്‍ SH1 ഇവന്റിലായിരുന്നു ഇന്ത്യയുടെ മെഡല്‍ നേട്ടം. 228.7 പോയിന്റോടെയാണ് മോന വെങ്കലം നേടിയത്. ടോക്കിയോയിലും അവനി സ്വർണം നേടിയിരുന്നു.
പാരാലിമ്പിക്സില്‍ സ്വർണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം സൃഷ്ടിച്ചായിരുന്നു അന്നത്തെ നേട്ടം. 11-ാം വയസില്‍ നടന്ന ഒരു കാറപകടത്തിലാണ് അവ്നിയുടെ അരയ്‌ക്ക് താഴെ തളർന്നു പോയത്. എന്നാല്‍ താരത്തിന്റെ നിശ്ചയദാർഢ്യവും മനസും തളർന്നില്ല. വീല്‍ ചെയറിലിരുന്ന് അവള്‍ക്ക് സ്വപ്നങ്ങള്‍ക്ക് പിന്നാലെ പറന്നു. മെഡല്‍ നേടിയ ഇരുവരും അടുത്ത സുഹൃത്തുക്കളും ജയ്പൂർ സ്വദേശികളുമാണ്.