ഡൽഹി: പ്രതിപക്ഷ നിരയിലെ ഉന്നത നേതാക്കൾ വിട്ടു നിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെ ‘ഇന്ത്യ’ സഖ്യം നാളെ നടത്താനിരുന്ന യോഗം മാറ്റിവച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗം വിളിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യം ഉപേക്ഷിച്ച് കോൺഗ്രസ് മത്സരിച്ചതാണ് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നതയുണ്ടാക്കിയത്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർ ബുധനാഴ്ച നടത്താൻ നിശ്ചയിച്ച യോഗത്തിൽ വിട്ടുനിൽക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം യോഗം ചേരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചതിനാൽ എം.കെ സ്റ്റാലിന് യോഗത്തിൽ പങ്കെടുക്കാനാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം നിതീഷ് കുമാർ പങ്കെടുക്കില്ലെന്നും മമത ബാനർജിയും അഖിലേഷ് യാദവും മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് യോഗം മാറ്റിവച്ചത്.