വാഷിംഗ്ടണ്‍ : ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം സ്ഥിരതയുള്ളതാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനാല്‍ ഏഷ്യയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ മോസ്‌കോ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് മാദ്ധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യത്തിന് വാഷിംഗ്ടണ്‍ ഡിസിയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 70 വര്‍ഷത്തിനിടെയുണ്ടായ എല്ലാ അന്താരാഷ്‌ട്ര ബന്ധങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചതായാണ് കാണുന്നത്. യുക്രെയ്ൻ-റഷ്യ സംഘര്‍ഷത്തെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം തകര്‍ന്നു. ചരിത്രപരമായി റഷ്യ ഒരു യൂറോപ്യൻ ശക്തിയാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ മോസ്‌കോ ഏഷ്യയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. യുക്രെയ്‌നില്‍ നടന്ന സംഭവവികാസങ്ങളുടെ പ്രത്യാഘാതം മൂലമാണ് റഷ്യയുടെ സമീപനം അടിമുടി മാറാൻ കാരണമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി വാഷിംഗ്ടണ്‍ ഡിസിയിലാണ് വിദേശകാര്യമന്ത്രി നിലവിലുള്ളത്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്‌ട്രസഭയുടെ 78-ാമത് ജനറല്‍ അസംബ്ലി സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം ബുധനാഴ്ചയാണ് ജയശങ്കര്‍ ഇവിടെയെത്തിയത്.