അങ്കാറ: തുർക്കിയെയും സിറിയയെയും നടുക്കിയ ഭൂകമ്ബത്തിന്റെ ഞെട്ടലിലാണ് ലോകം.. തകർന്ന് കിടക്കുന്ന കെട്ടിടങ്ങൾക്കിടയിൽ അകപ്പെട്ട ആയിരക്കണക്കിന് മൃതദേഹങ്ങൾക്കിടയിൽ ചില ജീവന്റെ തുടിപ്പുകളും അവശേഷിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. ഇക്കൂട്ടത്തിൽ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും നാല് ദിവസത്തിന് ശേഷം ജീവനോടെ പുറത്തുവന്ന 17-കാരന്റെ കഥ തീർത്തും അവിശ്വസനീയമാണ്.
അതി തീവ്രമായ ഭൂചലനമുണ്ടായതിന് ശേഷം ഏകദേശം 94 മണിക്കൂർ പിന്നിട്ടപ്പോഴാണ് അദ്നാൻ മുഹമ്മദ് കോർക്കുത്ത് എന്ന 17-കാരനെ രക്ഷാപ്രവർത്തകർക്ക് ലഭിക്കുന്നത്. ഭൂകമ്ബസമയത്ത് തുർക്കിയിലെ നഗരമായ ഗാസിയാൻടേപ്പിലായിരുന്നു അദ്നാൻ ഉണ്ടായിരുന്നത്. സ്വന്തം വീട്ടിൽ തന്റെ മുറിയിൽ കിടന്നുറങ്ങുമ്‌ബോഴായിരുന്നു ഭൂകമ്ബം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദുരന്തത്തിന് ശേഷം വീടുതകർന്നുവീണെങ്കിലും അദ്നാന് മറ്റ് അപകടങ്ങൾ സംഭവിച്ചിട്ടില്ലായിരുന്നു. ഞെങ്ങിഞെരുങ്ങി അദ്നാൻ അവിടെ തന്നെ കിടന്നു. അരികിലുണ്ടായിരുന്ന തന്റെ ഫോണിൽ ഓരോ 25 മിനിറ്റ് കൂടുമ്‌ബോഴും മുഴങ്ങുന്ന അലാറം വച്ചു. രണ്ട് ദിവസത്തോളം ഉറങ്ങിപ്പോകാതിരിക്കാൻ ഇതുസഹായിച്ചു. എന്നാൽ പിന്നീട് ഫോണിലെ ബാറ്ററി തീർന്നതോടെ അലാറം മുഴങ്ങുന്നതും നിന്നു. ജീവൻ നിലനിർത്താൻ സ്വന്തം മൂത്രവും കുടിച്ചു.
ഇതിനിടയിൽ പുറത്തുനിന്ന് ശബ്ദങ്ങൾ കേട്ടുതുടങ്ങി. എങ്കിലും രക്ഷാപ്രവർത്തകർക്ക് തന്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിയാതെ പോകുമോയെന്ന് അദ്‌നാൻ ഭയന്നു. ഒടുവിൽ അവർ അവശിഷ്ടങ്ങൾ നീക്കി തിരയാൻ തുടങ്ങിയെന്ന് അവൻ തിരിച്ചറിഞ്ഞു. എന്നാൽ തന്റെ ശരീരവും അതിൽ ഛിന്നഭിന്നമാകുമോയെന്ന് ആശങ്കപ്പെട്ടുവെന്നും അദ്നാൻ പറയുന്നു. ഒടുവിൽ നാല് ദിവസത്തിന് ശേഷം 17-കാരൻ പുറംലോകം കണ്ടു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്നാൻ. ആരോഗ്യനില തൃപ്തികരമാണ്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് 24,000 പേരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.