ന്യൂഡൽഹി: ഇന്ത്യക്കാർ അമിതമായി ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്നതായി പഠന റിപ്പോർട്ട്. കോവിഡ് കാലത്തും അതിന് മുൻപും ആന്റിബയോട്ടിക്സിൽ അസിത്രോമൈസിനെയാണ് ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്നതെന്നും പ്രമുഖ മെഡിക്കൽ ജേർണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.
ആന്റിബയോട്ടിക്സിൽ ഭൂരിഭാഗത്തിനും ഡ്രഗ്സ് കൺട്രോളറുടെ അനുമതിയില്ല. മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് ശക്തമായ പരിഷ്‌കാര നടപടികൾക്ക് ഡ്രഗ്സ് കൺട്രോളർ തയ്യാറാവണമെന്നും റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആന്റിബയോട്ടിക്സ് അനാവശ്യമായി ഉപയോഗിക്കുന്നത് മൂലം ഭാവിയിൽ ഇതിന്റെ ഫലം കുറയാൻ ഇടയാക്കിയേക്കാം. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആന്റിബയോട്ടിക്സിന്റെ വിൽപ്പന, ലഭ്യത, ഉപഭോഗം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര, സംസ്ഥാന നിയന്ത്രണ സംവിധാനങ്ങളുടെ അധികാര പരിധി കൃത്യമായി നിർവചിക്കാത്തതും സങ്കീർണത സൃഷ്ടിക്കുന്നുണ്ട്. ശക്തമായ നടപടി സ്വീകരിക്കുന്നത് ഇത് തടസമായി നിൽക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പരിമിതമായ അളവിൽ മാത്രം ഉപയോഗിക്കുന്നതിന് പകരം വലിയ തോതിൽ ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്ന സമൂഹമാണ് ഇന്ത്യയിലുള്ളത്. ദിവസം തോറും ഉപയോഗിക്കേണ്ട നിശ്ചിത ഡോസിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ആന്റിബയോട്ടിക്സിൽ ഏറ്റവുമധികം ഉപയോഗിക്കുന്നത് അസിത്രോമൈസിൻ ആണ്. 12.6 ശതമാനം. സെഫിക്സിമാണ് തൊട്ടുപിന്നിൽ. 10.2 ശതമാനം. അസിത്രോമൈസിൻ 500 എംജി ടാബ് ലെറ്റിനാണ് കൂടുതൽ ആവശ്യക്കാരെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.