പാലക്കാട് : മലമ്പുഴയിലെ ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്താൻ നടത്തിയത് സമാനതകളില്ലാത്ത രക്ഷാദൗത്യം. ബാബു ഇരിക്കുന്നതിന് സമീപം എത്തിയ രക്ഷാപ്രവർത്തകൻ റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുകയായിരുന്നു. സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം ബാബുവിനെ രക്ഷപെടുത്തിയത്.
ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച സൈനികൻ തന്റെ ദേഹത്തേക്ക് ഇയാളെ ചേർത്ത് കെട്ടിയിരുന്നു. തുടർന്ന് രണ്ട് പേരെയും സംഘാംഗങ്ങൾ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. മലയിടുക്കിൽ 200 അടി താഴ്ചയിലായിരുന്നു ബാബു കുടുങ്ങിയത്. അതിനാൽ തന്നെ റോപ്പ് ഉപയോഗിച്ച് സാവധാനമാണ് ബാബുവിനെ മുകളിലേക്ക് ഉയർത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രക്ഷപെടുത്തുന്നതിന് മുമ്പായി ബാബുവിന് വെള്ളവും ഭക്ഷണവും സൈന്യം എത്തിച്ച് നൽകിയിരുന്നു. മലയിടുക്കിൽ കുടുങ്ങി 45 മണിക്കൂറിന് ശേഷമാണ് ബാബുവിന് വെള്ളം എത്തിച്ച് നൽകാൻ രക്ഷാദൗത്യ സംഘത്തിന് സാധിച്ചത്. എഡിആർഎഫ് ദൗത്യസംഘത്തിലെ ഒരാൾ ഇറങ്ങി റോപ്പിന്റെ സഹായത്തോടെയാണ് ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയത്.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്.
കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ്, കേരളത്തില്‍ ഒരാള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴയില്‍ നടന്നത്.