ഇറ്റാനഗര്‍ : ഇന്ത്യ-ചൈന അതിർത്തിയായ തവാങ് വരെ സഞ്ചാരം സുഗമമാക്കുന്ന സേല ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.ചൈന അതിർത്തി വരെ നീളുന്ന സേല ടണല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോടം സൈനിക തന്ത്ര പ്രധാനമാണ്. ബലിപാറ-ചരിദ്വാർ-തവാങ് റോഡ് മഞ്ഞുവീഴ്ചയും കനത്ത മഴയും മണ്ണിടിച്ചിലും മൂലം വർഷത്തില്‍ ദീർഘകാലം അടച്ചിടേണ്ടി വരുന്നതിനാല്‍ ചൈന അതിർത്തിയിലെ കിഴക്കൻ മേഖലയിലേക്കുള്ള യാത്ര ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രമകരമായിരുന്നു. എന്നാല്‍ സേല തുരങ്കം തുറന്നതോടെ ചൈനയുമായി അതിർത്തി പങ്കിടുന്ന തവാങ്ങിലേക്ക് ഏത് കാലാവസ്ഥയിലും എളുപ്പത്തില്‍ എത്തിചേരാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കും.
13,000 അടി ഉയരത്തിലാണ് സേല ടണല്‍ സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരത്തില്‍ നിർമിച്ച ലോകത്തിലെ ഏറ്റവും നീളമേറിയ രണ്ടുവരി തുരങ്കമാണിത്. തുരങ്കം തുറക്കുന്നതോടെ തവാങ്ങിലൂടെ ചൈന അതിർത്തിയിലേക്കുള്ള ദൂരം 10 കിലോമീറ്റർ കുറയും. അസമിലെ തേസ്പൂരിലും അരുണാചലിലെ തവാങ്ങിലും സ്ഥിതി ചെയ്യുന്ന നാല് സൈനിക ആസ്ഥാനങ്ങള്‍ തമ്മിലുള്ള ദൂരവും ഒരു മണിക്കൂറോളം കുറയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സേല ടണല്‍ പദ്ധതിയുടെ തറക്കല്ലിട്ടത്. 825 കോടിരൂപയാണ് പദ്ധതിക്ക് ചെലവായത്. കൊവിഡ്-19 ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ നിർമാണം വൈകി. പദ്ധതിയുടെ ഭാഗമായി രണ്ട് തുരങ്കങ്ങള്‍ ആണ് നിർമ്മിച്ചിരിക്കുന്നത്. ആദ്യത്തേത് 980 മീറ്റർ നീളമുള്ള സിംഗിള്‍ ട്യൂബ് ടണലും രണ്ടാമത്തേത് 1.5 കിലോമീറ്റര്‍ നീളമുള്ള അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള എസ്കേപ്പ് ട്യൂബുമാണ്.
അതിർത്തി പ്രദേശമായ താവാങ് പ്രദേശത്ത് ചൈനീസ് സൈന്യവും ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രതിരോധപ്രധാനമാണ് സേല ടവർ.