ദുബായ്: മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ നിബന്ധനകള്‍. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രക്തബന്ധമുള്ള ബന്ധുവിനോ പവര്‍ ഓഫ് അറ്റോര്‍ണിയുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകള്‍ റദ്ദാക്കാനോ പേപ്പറുകളില്‍ ഒപ്പിടാനോ സാധിക്കൂ എന്നതാണ് പ്രധാന നിബന്ധന.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഫണ്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് അനുവദിക്കുന്നതിനായി പഞ്ചായത്ത് ഓഫീസുകൾ ഉള്‍പ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അതോറിറ്റികളില്‍ നിന്നുള്ള ഒപ്പ് വേണമെന്നതാണ് മറ്റൊരു നിയമം. ചില സംഭവങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് കോണ്‍സുലേറ്റിന്റെ വാര്‍ത്താ വിഭാഗം അധികൃതരുടെ പ്രസ്താവനയെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഏജന്റുമാര്‍ ഇവരുടെ കുടുംബങ്ങളെ ചൂഷണം ചെയ്ത പല കേസുകളും കോണ്‍സുലേറ്റിന് മുമ്പിലെത്തിയിരുന്നു. കോണ്‍സുലേറ്റ് അംഗീകരിച്ച നിരക്കിന് പകരമായി വന്‍ തുക ഈടാക്കാന്‍ ശ്രമിക്കുന്ന ഏജന്റുമാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രവേശനവും സൗകര്യവും ഒരുക്കുന്നതില്‍ കോണ്‍സുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
എല്ലാ എമിറേറ്റുകളിലും കോണ്‍സുലേറ്റിന് ഒരു കമ്മ്യൂണിറ്റി അസോസിയേഷന് പാനല്‍ ഉണ്ട്. യാതൊരു സര്‍വീസ് ചാര്‍ജും ഇല്ലാതെ ഈ സേവനങ്ങള്‍ കുടുംബങ്ങള്‍ക്ക് നല്കാന് വേണ്ടിയാണിത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമായി ഈ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പുതിയ നിബന്ധനകളോട് സമ്മിശ്ര പ്രതികരണമാണ് സാമൂഹിക പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.