ഇംഗ്ലീഷ് ബേസ് ബോളിനെ എറിഞ്ഞിട്ട് ടീം ഇന്ത്യ; രണ്ടാം ദിനം ഇതുവരെ വീണത് 14 വിക്കറ്റ്; ഇംഗ്ലണ്ടിന് 23 റൺ ലീഡ്

ലണ്ടൻ: ഇംഗ്ലണ്ടിന്റെ ബേസ് ബോളിന് എതിരെ അതിശക്തമായ പേസ് ആക്രമണം നടത്തിയ ടീം ഇന്ത്യയ്ക്ക് അവസാന ടെസ്റ്റിൽ നിർണ്ണായക മുൻതൂക്കം. ബേസ് ബോൾ ആക്രമണത്തിലൂടെ 14 ഓവറിൽ നൂറ് കടന്ന് അതിവേഗം കുതിച്ച ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് 23 റണ്ണിന്റെ മാത്രം ലീഡിൽ ഒതുക്കിയാണ് ഇന്ത്യ പരമ്പരയിൽ നിർണ്ണായകമായ നേട്ടം സ്വന്തമാക്കിയത്. സ്‌കോർ : ഇന്ത്യ ; ഒന്നാം ഇന്നിംങ്‌സിൽ 224, രണ്ടാം ഇന്നിംങ്‌സ് 12. ഇംഗ്ലണ്ട്: 247. രണ്ടു ടീമിൻ്റെയും 14 വിക്കറ്റുകളാണ് ഇന്ന് ഇതുവരെ മാത്രം വീണത്.

Advertisements

രണ്ടാം ദിനം ആറു വിക്കറ്റ് നഷ്ടമാക്കി 204 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംങ് പുനരാരംഭിച്ചത്. എന്നാൽ, അധികം വൈകാതെ തന്നെ ഇന്ത്യയ്ക്ക് ബാക്കിയുള്ള വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. ആദ്യ ദിനം അരസെഞ്ച്വറി പൂർത്തിയാക്കിയ കരുൺ നായർ (57) രണ്ടാം ദിനം അഞ്ചു റൺ മാത്രമാണ് സ്വന്തം അക്കൗണ്ടിൽ ചേർത്തത്. 109 പന്തിൽ 57 റണ്ണെടുത്ത് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ച കരുൺ ടങ്ങിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ സ്‌കോർ 218 ൽ നിൽക്കെയാണ് കരുൺ പുറത്തായത്. പിന്നാലെ, ആറു റൺ മാത്രം സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്ത് ഇന്ത്യൻ വാലറ്റം പതിവ് പോലെ ബാറ്റ് വച്ച് കീഴടങ്ങി. 220 ൽ വാഷിംങ്ടൺ സുന്ദർ (26), വീണതും പിന്നാലെ എത്തിയ മൂന്നു ബാറ്റർമാരും ഒരു റൺ പോലും എടുക്കാതെ കീഴടങ്ങുകയായിരുന്നു. കിട്ടിയ ഒരു എക്‌സ്ട്രായാണ് ഇന്ത്യൻ സ്‌കോർ 224 ൽ എത്തിച്ചത്. സിറാജ് (0), പ്രദീഷ് കൃഷ്ണ (0) എന്നിവർ അറ്റിക്‌സണിനു മുന്നിൽ വീണപ്പോൾ , ആകാശ് ദീപ് (0) പുറത്താകാതെ നിന്നു.

അറ്റിക്‌സൺ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ, ടങ് മൂന്നും, ക്രിസ് വോക്‌സ് ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംങ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. ട്വന്റി ട്വന്റി ശൈലിയിലായിരുന്നു സാക്ക് ക്രാവ്‌ലിയുടെയും (57 പന്തിൽ 64), ബെൻ ഡക്കറ്റിന്റെയും (38 പന്തിൽ 43) ബാറ്റിംങ്. 12.5 ഓവറിൽ 92 ൽ നിൽക്കെയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. ബെൻ ഡക്കറ്റിനെ ആകാശ് ദീപ് ജുവറലിന്റെ കയ്യിൽ എത്തിക്കുകയായിരുന്നു. പിന്നാലെ 129 ൽ ക്രാവ്‌ലിയെ പ്രദീഷ് കൃഷ്ണയും പുറത്താക്കി. ജഡേജയ്ക്കായിരുന്നു ക്യാച്ച്.

പ്രതീക്ഷ നൽകിയ ഓലി പോപ്പിനെ (22) സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കി. പ്രതിരോധിച്ച് നിന്ന് കളി കയ്യിലാക്കും എന്നു കരുതിയ റൂട്ടിനും (29) സിറാജിന്റെ മുന്നിൽ കുരുങ്ങാനായിരുന്നു വിധി. ജേക്കബ് ബീതലിനെ (6) സിറാജ് തന്റെ സ്വിംങ്ങിൽ വിക്കറ്റിന് മുന്നിൽ കുരുക്കി. 215 ൽ ജാമിയൻ സ്മിത്തും (8) ജെയിംസ് ഓവർട്ടണും (0) പ്രദീഷ് കൃഷ്ണയുടെ പന്തിൽ ഒരു ഓവറിൽ തന്നെ പുറത്തായി. 235 ൽ അറ്റിക്‌സണും (11), പ്രതിരോധിച്ച് നിന്ന ഹാരി ബ്രൂക്ക് (53) അവസാനക്കാരനായും പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംങ്‌സിനു തിരശീല വീണു. ജോഷ് ടങ് പുറത്താകാതെ (0) നിന്നു. മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 17 റൺ നേടിയിട്ടുണ്ട്.

Hot Topics

Related Articles