ലഖ്നൗ : ബീഹാറില്‍ പുതിയ എൻഡിഎ സർക്കാർ രൂപീകരിക്കാനുളള പ്രമേയം ഐക്യകണ്ഠ്യേന പാസാക്കി ബിജെപി നിയമസഭാകക്ഷി യോഗം. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് നീക്കം. ബിജെപിയും ജെഡിയുവും മറ്റ് സഖ്യകക്ഷികളും ചേർന്നാണ് പ്രമേയം പാസാക്കിയത്. സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായും വിജയ് സിൻഹയെ ഉപനേതാവായും തിരഞ്ഞെടുത്തു. ഇരുവരും ഉപമുഖ്യമന്ത്രിമാർ ആയേക്കുമെന്നാണ് സൂചന. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡേയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇന്ന് രാവിലെയാണ് നിതീഷ് കുമാർ മന്ത്രിമാരായ വിജേന്ദ്ര യാദവിനും സഞ്ജയ് ഝായ്ക്കുമൊപ്പമെത്തി ഗവർണർക്ക് രാജി സമർപ്പിച്ചത്. രാജിവച്ച് പുറത്തുവന്ന നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ബന്ധപ്പെട്ട് അഭിനന്ദനം അറിയിച്ചതായും സൂചനയുണ്ട്.
ഇനി എൻഡിഎക്കൊപ്പമായിരിക്കും നിതീഷ് കുമാറിന്റെ രാഷ്ട്രീയം. ഇന്നുതന്നെ എൻഡിഎ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ രാജ്ഭവനില്‍ ആരംഭിച്ചു. നിതീഷ് കുമാർ എൻഡിഎയില്‍ എത്തിയതോടെ ബീഹാറില്‍ മഹാസഖ്യം വീണിരിക്കുകയാണ്. ബിജെപി-ജെഡിയു സഖ്യസർക്കാരാണ് അധികാരമേല്‍ക്കുന്നത്. നിതീഷിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കുമെന്നാണ് വിവരം. ഇതിനായി ബീഹാറിലേയ്ക്ക് തിരിച്ചിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബീഹാറിലെ നിലവിലെ കക്ഷിനില: ആർജെഡി – 79, ബിജെപി – 78, ജെഡിയു – 45, കോണ്‍ഗ്രസ് – 19, സിപിഐ (എംഎല്) (എല്‍) – 12, എച്ച്എഎം (എസ്) -4, സിപിഎം – 2, സിപിഐ – 2, സ്വതന്ത്രൻ – 1, മജ്ലിസ് പാർട്ടി – 1.