ജോലിയില്ല , ശമ്പളം കൃത്യം : പക്ഷേ , 12 വർഷം കൊണ്ട് 28 ലക്ഷം ശമ്പളം : അക്കൗണ്ടിൽ പണം എത്തിയത് പൊലീസുകാരന്

വിദിശ: അധികൃതരുടെ നോട്ടക്കുറവുമൂലം ജോലിചെയ്യാത്തയാള്‍ക്ക് ശമ്ബളമായി നല്‍കിയത് 28 ലക്ഷം രൂപ. മധ്യപ്രദേശിലെ വിദിശ ജില്ലയിലാണ് ജോലിയിലില്ലാത്ത ‘പോലീസ് കോണ്‍സ്റ്റബിളി’ന് 12 വർഷത്തോളം ശമ്ബളം നല്‍കിയത്.ജോലിയില്‍ കയറിയെങ്കിലും പരിശീലനത്തില്‍പ്പോലും പങ്കെടുക്കാതെ നിർത്തിപ്പോയ ആള്‍ക്കാണ് ഇത്രയും കാലം തെറ്റായി ശമ്ബളം നല്‍കിയതെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടില്‍ പറയുന്നു.

Advertisements

2011-ല്‍ മധ്യപ്രദേശ് പോലീസില്‍ കോണ്‍സ്റ്റബിളായി നിയമിതനായ ആളാണ് ഇത്തരത്തില്‍ ഡ്യൂട്ടി ചെയ്യാതെ ശമ്ബളം വാങ്ങിയത്. നിയമനം ലഭിച്ചശേഷം ഇയാളെ ആദ്യം ഭോപ്പാല്‍ പോലീസ് ലൈസെൻസിലേക്കാണ് നിയോഗിച്ചത്. പിന്നീട്, പ്രാഥമിക പോലീസ് പരിശീലനത്തിനായി സാഗർ പോലീസ് ട്രെയിനിങ് സെന്ററിലേക്ക് വിട്ടു. എന്നാല്‍, അവിടെ ഹാജരാകുന്നതിന് പകരം, യാതൊരു വിവരവും അറിയിക്കാതെ ഇയാള്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ഔദ്യോഗികമായി അവധിക്ക് അപേക്ഷിക്കുകയോ രേഖകള്‍ തിരികെ മേടിക്കുകയോ ചെയ്യാതിരുന്നതിനാല്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥപ്പട്ടികയില്‍ തുടർന്നു. മാസാമാസം കൃത്യമായി ഇയാളുടെ അക്കൗണ്ടില്‍ ശമ്ബളം എത്തുകയും ചെയ്തു. ജോലിയില്ലാത്ത ഒരാള്‍ ശമ്ബളം കൈപ്പറ്റുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടതുമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് വർഷങ്ങള്‍ക്കുശേഷം 2023-ല്‍, പോലീസ് സേനയുടെ ശമ്ബള ഗ്രേഡ് നിർണയം ആരംഭിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയില്‍പെട്ടത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാളുടെ പഴയ സേവനരേഖകളും തിരിച്ചറിയല്‍ രേഖകളും കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ഇതോടെയാണ് അശ്രദ്ധയുടെ വ്യാപ്തി വ്യക്തമായത്. വകുപ്പുതലത്തിലുണ്ടായ വലിയ വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിന് ഇടയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

വീഴ്ച വ്യക്തമായതോടെ അന്വേഷണം ആരംഭിച്ചു. കോണ്‍സ്റ്റബിള്‍ തസ്തികയില്‍നിന്ന് വിട്ടുപോയ ആളെ ചോദ്യംചെയ്തപ്പോള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ട്രെയിനിങ് ഉപേക്ഷിച്ചതെന്ന വിശദീകരണമാണ് പൊലീസിന് ലഭിച്ചത്. ഇതിനെ സാധൂകരിക്കുന്ന മെഡിക്കല്‍ രേഖകളും ഇയാള്‍ ഹാജരാക്കി. പുതിയ പോലീസ് നിയമങ്ങള്‍ തനിക്കറിയില്ലെന്നും ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് സേനയുമായി ബന്ധപ്പെടാതിരുന്നതെന്നും ഇയാള്‍ പറഞ്ഞു.

തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ 1.5 ലക്ഷം രൂപ തിരികെ നല്‍കി. ബാക്കി തുക തന്റെ ഭാവിയിലെ ശമ്ബളത്തില്‍നിന്ന് അടയ്ക്കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് എസിപി അങ്കിത ഖട്ടെർക്കാർ റിപ്പോർട്ട് നല്‍കി. നിലവില്‍ ഇയാളെ ഭോപ്പാല്‍ പോലീസ് ലൈൻസില്‍ നിയമിച്ചിരിക്കുകയാണ്. വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ വീഴ്ചവരുത്തിയ വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Hot Topics

Related Articles