ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഫോണിൽ സംസാരിച്ചു.യുദ്ധം ഇന്ത്യയുടെ തിരഞ്ഞെടുപ്പല്ലെന്നും ആരുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ലെന്നും ഡോവല്‍ അറിയിച്ചു. വെടിനിർത്തല്‍ സംബന്ധിച്ച് ഇന്ത്യൻ സൈന്യവുമായി പാകിസ്ഥാൻ ധാരണയിലെത്തിയതിന് ശേഷവും അതിർത്തിയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് ശേഷമാണ് സംഭാഷണം നടന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇന്ത്യ തീവ്രവാദ വിരുദ്ധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടായിരുന്നു. യുദ്ധം ഇന്ത്യയുടെ തെരഞ്ഞെടുപ്പല്ല, ആരുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ല സൈനിക നടപടി ഉണ്ടായത്. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് പ്രതിജ്ഞാബദ്ധരായിരിക്കും. എത്രയും വേഗം പ്രാദേശിക സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഡോവല്‍ പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഹല്‍ഗാം ഭീകരാക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നതായി വാങ് യി ഫോണില്‍ അറിയിക്കുകയും മേഖലയിലെ സമാധാനത്തെയും സ്ഥിരതയുടെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനും ചൈനയുടെ അയല്‍ക്കാരാണെന്നും മേഖലയിലെ സമാധാനം കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്നും അത് വിലമതിക്കപ്പെടേണ്ടതാണെന്നും വാങ് യി പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇരുപക്ഷവും ശാന്തത പാലിക്കാനും സംയമനം പാലിക്കാനും, സംഭാഷണത്തിലൂടെയും കൂടിയാലോചനയിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന നീക്കത്തെ ചൈന പിന്തുണയ്ക്കുന്നുവെന്നും വാങ് കൂട്ടിച്ചേർത്തു. പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയുടെ ആശങ്ക ഡോവല്‍ അറിയിച്ചതായി ചൈനീസ് പ്രസ്താവനകള്‍ പറയുന്നു.