ന്യൂഡല്‍ഹി: വെടിവെപ്പും സൈനിക നടപടികളും നിർത്താൻ ഇന്ത്യയും പാകിസ്താനും ധാരണയായെങ്കിലും ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായൊരുക്കിയ അതിർത്തിയിലെ വൻ സേനാസന്നാഹം ഉടനെ പിൻവലിക്കില്ല.ഇരു രാജ്യങ്ങളും തമ്മിലെ തുടർചർച്ചകളിലെ ധാരണപ്രകാരമാകും അടുത്തനീക്കങ്ങള്‍. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും അത്തരത്തിലുള്ള ഏത് നീക്കവും യുദ്ധമായി കണക്കാക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടർ ജനറല്‍മാർ തമ്മില്‍ നടന്ന ഉഭയകക്ഷിചർച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കി.
പാകിസ്താൻ കാണിക്കുന്ന വിട്ടുവീഴ്ചാമനോഭാവത്തിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യയുടെ തുടർനടപടികള്‍. ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് വ്യോമസേനയും വ്യക്തമാക്കി. ഐഎംഎഫില്‍ നിന്നുള്ള സഹായധനത്തിന്റെ കാര്യത്തിലടക്കം ആശങ്കയുയർന്നപ്പോഴാണ് പാകിസ്താൻ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറായത്. തങ്ങളുടെ സാമ്ബത്തികബുദ്ധിമുട്ടുകളുള്‍പ്പെടെ കഴിഞ്ഞ ദിവസം ഡയറക്ടർ ജനറല്‍തല ചർച്ചയില്‍ പാകിസ്താൻ ഇന്ത്യയുമായും പങ്കുവെച്ചിട്ടുണ്ട്. തുടർ ചർച്ച തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ സൈനികസമ്മർദം ശക്തമായി തുടരണമെന്ന അഭിപ്രായമാണ് പ്രതിരോധരംഗത്തെ വിദഗ്ധരുള്‍പ്പെടെ പങ്കുെവക്കുന്നത്. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകടമായ ആത്മാർഥത ബോധ്യപ്പെടുന്നതുവരെ സൈന്യത്തിന്റെ സമ്മർദതന്ത്രം തുടരണമെന്ന് റിട്ട. എയർമാർഷല്‍ ഐ.പി. വിപിൻ ‘മാതൃഭൂമി’യോട് പറഞ്ഞു. അതുവരെ അതിർത്തിയില്‍ ഇപ്പോഴത്തെ സൈനികവിന്യാസം അതേപടി തുടരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ചത്തെ ചർച്ചയില്‍ സിന്ധുനദീജലക്കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടേക്കും. ഇന്ത്യ വഴങ്ങില്ലെന്നാണ് സൂചന. സിന്ധു നദീജലക്കരാർ മരവിപ്പിച്ചതടക്കം, പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഏർപ്പെടുത്തിയ ഉപരോധനടപടികള്‍ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതിനിടെ, വെടിനിർത്തല്‍ ധാരണയ്ക്കുശേഷമുള്ള സ്ഥിതിഗതികള്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്തസേനാ മേധാവി ജനറല്‍ അനില്‍ ചൗഹാൻ, മൂന്ന് സേനാ മേധാവികള്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.