ഇറാനെ പാക്കിസ്ഥാൻ പിൻതുണയ്ക്കില്ല : ചതിച്ചത് അമേരിക്കൻ പ്രസിഡൻ്റിൻ്റെ മുനീർ ചർച്ച : നിർണ്ണായക പ്രതിഷേധവുമായി ഇന്ത്യ

ടെൽ അവീവ് : പാകിസ്താന്റെ സൈനിക മേധാവി ഫീല്‍ഡ് മാർഷല്‍ അസീം മുനീറിനെ വൈറ്റ്ഹൗസില്‍ വിളിച്ച്‌ ഉച്ചഭക്ഷണം കൊടുക്കുകയും ദീർഘനേരം ചർച്ച നടത്തുകയും ചെയ്ത അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ദക്ഷിണേഷ്യയെ ആകെ ഞെട്ടിച്ചു.ഇതാദ്യമാണ് രാഷ്ട്രീയ അധികാരമില്ലാത്ത ഒരു പാകിസ്താൻ സൈന്യത്തലവനെ അമേരിക്കൻ പ്രസിഡണ്ട് വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുന്നത്. പണ്ട് അയൂബ് ഖാനും സിയാ ഉള്‍ ഹഖും പെർവേസ് മുഷാറഫുമൊക്കെ സമാനമായി വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്, അവരൊക്കെ പാകിസ്താൻ പ്രസിഡന്റുമാരായിരുന്നു അപ്പോള്‍.രണ്ടു മണിക്കൂറോളം നീണ്ട ദീർഘമായ ചർച്ചയില്‍ വിദേശസെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു.

Advertisements

ഈ വിരുന്ന് ഇന്ത്യയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. അമേരിക്കയില്‍ പഠിക്കാൻ വരുന്ന വിദേശവിദ്യാർത്ഥികളുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകള്‍ പോലും പരിശോധിക്കാനൊരുങ്ങുന്ന അമേരിക്ക, പഹല്‍ഗാമില്‍ 26 നിരപരാധികളുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ മുനീറിനെ സല്‍ക്കരിച്ചത് അപമാനകരമായി കാണുന്നവരുണ്ട്. വിശ്വാസവഞ്ചന നടത്തിയ അമേരിക്കയുമായി വ്യാപാരക്കരാർ വേണ്ടെന്നു വെക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊള്ളണം എന്നു ശക്തിയായി വാദിക്കുന്നവരുമുണ്ട്. ഇപ്പോള്‍ നടക്കുന്നത് ശീതയുദ്ധകാലത്ത് ദക്ഷിണേഷ്യയിലെ മേധാവിത്വം നിലനിർത്താൻ ഇന്ത്യയെയും പാകിസ്താനെയും മുഖാമുഖം നിർത്തുന്ന രീതിയാണെന്ന് ബ്രഹ്മ ചെല്ലാനിയെപ്പോലുള്ള വിദേശകാര്യ വിദഗ്ധർ ആരോപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂണ്‍ 17-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് സംസാരിച്ചിരുന്നു. കനഡയില്‍ നടന്ന വികസിതരാജ്യങ്ങളുടെ സമ്മേളനത്തില്‍ നിന്ന് (ജി-7) നേരത്തെ ഇറങ്ങിപ്പോയ ട്രംപ് മോദിയെ വൈറ്റഹൗസിലേക്കു ക്ഷണിച്ചിരുന്നു. പക്ഷേ, മുൻകൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്നു പറഞ്ഞ് മോദി ക്ഷണം നിരസിച്ചു, ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ക്വാഡ് യോഗത്തിലേക്ക് ട്രംപിനെ അദ്ദേഹം ക്ഷണിച്ചു. ഫോണ്‍ സംഭാഷണത്തില്‍ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് പാകിസ്താൻ കെഞ്ചിയതിനെ തുടർന്നാണെന്നു മോദി വ്യക്തമാക്കി. മാത്രമല്ല, അതിന്റെ വിശദാംശങ്ങള്‍ വൈകാതെ വിദേശമന്ത്രാലയ വക്താവിനെക്കൊണ്ട് വെളിപ്പെടുത്തുകയും ചെയ്തു. എന്തായാലും ഒടുവില്‍ വെടിനിർത്തലിന്റെ ക്രെഡിറ്റ് ഉപേക്ഷിക്കുകയാണ് ട്രംപ് എന്നു തോന്നുന്നു. അതിസമർത്ഥരായ രണ്ടു നേതാക്കള്‍ (മോദിയും മുനീറും) യുദ്ധം ഒഴിവാക്കാൻ തീരുമാനിച്ചതാണ് എന്നാണ് ഒടുവിലത്തെ ട്രംപ് ഭാഷ്യം.

ഇറാൻ ആക്രമണത്തില്‍ തകർന്ന ഇസ്രയേലിലെ ആശുപത്രി
ട്രംപിന്റെ ഓഫറും വ്യവസ്ഥകളും

ഈ ചർച്ച നടന്ന സമയവും ഇസ്രയേല്‍- ഇറാൻ യുദ്ധപശ്ചാത്തലവും ശ്രദ്ധേയമാണ്. യുദ്ധം തന്നെയാണ് അവർ പ്രധാനമായും ചർച്ച ചെയ്തത് എന്നാണ് വിവരം. ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ തുടർച്ചയായി ആക്രമണം നടത്തുകയാണ് ഇസ്രയേല്‍. തുടക്കത്തിലെ പതർച്ചയ്ക്കു ശേഷം ദീർഘദൂര മിസൈലുകള്‍ കൊണ്ട് ശക്തമായി തിരിച്ചടിക്കുകയാണ് ഇറാൻ. ഇസ്രയേലിലെ കേന്ദ്രങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാക്കാൻ അവർക്കായി. യുദ്ധം മുറുകുന്നതിനിടെ, വിമാനവാഹിനി കപ്പലുകളടക്കമുള്ള സന്നാഹങ്ങള്‍ മധ്യപൂർവേഷ്യയിലേക്കു മാറ്റുന്ന തിരക്കിലാണ് അമേരിക്ക.

ഇസ്രയേലിന്റെ ആക്രമണത്തില്‍ അമേരിക്കയ്ക്കു കൈയുണ്ടെന്ന് ആരോപിക്കുന്ന ഇറാൻ, മേഖലയിലെ അമേരിക്കൻ താവളങ്ങളെ ആക്രമിക്കാനുള്ള സാധ്യത സജീവമാണ്. ഇസ്രയേലാകട്ടെ, യുദ്ധത്തില്‍ അമേരിക്ക നേരിട്ടിറങ്ങണമെന്ന് ആഗ്രഹിക്കുന്നു. ഇറാന്റെ കൈയിലെ ആണവായുധം തങ്ങള്‍ക്കു മാത്രമല്ല, അമേരിക്കയ്ക്കും ഭീഷണിയാണെന്ന് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇറാന്റെ ഫോർഡോ ആണവസമ്ബുഷ്ടീകരണ കേന്ദ്രം തകർക്കാൻ അമേരിക്കയുടെ ബങ്കർ ബസ്റ്റർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇസ്രയേല്‍.

ഇറാനുമായി 900 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പാകിസ്താന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം വളരെ നിർണായകമാണ്. പിന്നെ, ട്രംപ് പറഞ്ഞതുപോലെ ഇറാനെ കുറിച്ചുളള പരിജ്ഞാനവും. ഇറാൻ- ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിരുപാധികമായ സൈനികവും തന്ത്രപരവുമായ പിന്തുണ പാകിസ്താനോട് ആവശ്യപ്പെട്ടു എന്ന് വിവിധ മാധ്യമങ്ങള്‍ പറയുന്നു. അതായത്, വ്യോമത്താവളങ്ങള്‍ വിട്ടുനല്‍കണം, കര, കടല്‍മാർഗം വഴിയുള്ള മറ്റു സൗകര്യങ്ങള്‍ വേണം എന്നിങ്ങനെ. ഇപ്പോള്‍തന്നെ, പാകിസ്താൻ അമേരിക്കയ്ക്കു വേണ്ടി ടെഹ്റാനില്‍ ചാരപ്പണി നടത്തുന്നുണ്ടെന്നും അഭ്യൂഹമുണ്ട്. വിരുന്നിനുശേഷം ട്രംപ് പറഞ്ഞതില്‍ അതിന്റെ സൂചനയുണ്ട്- മറ്റാരെക്കാളും ഇറാനെ പാകിസ്താന് നന്നായി അറിയാമെന്ന്.

സഹായത്തിനു പകരമായി, മുമ്ബെന്നത്തേക്കാളും കൂടുതല്‍ പ്രതിരോധ സാങ്കേതികവിദ്യ പാകിസ്താനു നല്‍കും. അഞ്ചാം തലമുറ പോർവിമാനങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, ഗണ്യമായ സാമ്ബത്തികസഹായം എന്നിവയും ഓഫറുണ്ട്. ഈയിടെയായി പ്രതിരോധരംഗത്ത് പാകിസ്താൻ ചൈനയെ കാര്യമായി ആശ്രയിക്കുന്നത് ചെറുക്കാനും ട്രംപ് ലക്ഷ്മിടുന്നുണ്ടത്രെ. പ്രത്യേകിച്ചും ചൈനയുടെ ജെ-35 പോർവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും വർഷാവസാനം പാകിസ്താനിലെത്തിക്കാൻ തീരുമാനമായ സ്ഥിതിക്ക്. പുതിയ സുരക്ഷ, വ്യാപാരക്കരാറുകളും മുനീറിന് മുന്നില്‍ വച്ചിരിക്കുകയാണ് അമേരിക്ക. പകരമായി, റഷ്യ, ചൈന എന്നിവരോട് സൗഹൃദം ഒഴിവാക്കണം, ബ്രിക്സ് അടക്കമുള്ള കിഴക്കൻ കൂട്ടായ്മകളില്‍ നിന്നും വിട്ടുനില്‍ക്കണം- എന്നിങ്ങനെയാണ് മറ്റ ആവശ്യങ്ങളത്രെ.

ഇന്ത്യയുമായുള്ള വെടിനിർത്തലും അമേരിക്കയുടെ ‘ഡേർട്ടിവർക്കും’

അമേരിക്കയുടെ ‘ഡേർട്ടിവർക്ക്’ ചെയ്യാൻ തുടങ്ങിയിട്ട് ദശകങ്ങളായെന്ന് പാക് പ്രതിരോമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ് തുറന്നു പറഞ്ഞത് ആഴ്ചകള്‍ മുമ്ബാണ്. 1980-കളില്‍ അഫ്ഗാനിസ്താനില്‍ സോവിയറ്റ് യൂണിയനും മുജാഹിദീനുകളുമായുള്ള യുദ്ധകാലത്ത് അമേരിക്കയുടെ പ്രധാന സഖ്യരാജ്യമായിരുന്നു പാകിസ്താൻ. മുജാഹിദീന് വേണ്ട ആയുധങ്ങളും സാമ്ബത്തികസഹായവും ഒക്കെ പാകിസ്താൻ വഴിയായിരുന്നു അമേരിക്ക എത്തിച്ചത്. അമേരിക്കയിലെ 9/11 ഭീകരാക്രമണത്തിന് ശേഷം അഫ്ഗാനിസ്താനിലെ അമേരിക്കൻ ഓപ്പറേഷനുകള്‍ക്ക് എല്ലാ പിന്തുണയും പാകിസ്താൻ നല്‍കി. 2011-ല്‍ അല്‍ ഖ്വയ്ദ നേതാവ് ബിൻ ലാദനെ പാകിസ്താനില്‍വെച്ച്‌ അമേരിക്ക വധിച്ചതിനെ തുടർന്ന് കുറച്ചുകാലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെങ്കിലും പാകിസ്താൻ പതുക്കെ തിരിച്ചു കയറി.

ട്രംപിന്റെ ആദ്യപ്രസിഡൻസിക്കാലത്ത് പാകിസ്താനുമായുള്ള ബന്ധം മോശമായിരുന്നു. തങ്ങള്‍ക്ക് കള്ളവും ചതിയുമല്ലാതെ മറ്റൊന്നും നല്‍കാത്ത രാജ്യമാണ് പാകിസ്താനെന്നും അവർ ഭീകരർക്ക് സുരക്ഷിതതാവളം ഒരുക്കുന്നുവെന്നും ട്രംപ് ആരോപിച്ചത് ഏഴുവർഷം മുമ്ബാണ്. അദ്ദേഹത്തെ പിന്തുടർന്നെത്തിയ പ്രസിഡന്റ്, ജോ ബൈഡൻ ലോകത്തിലേക്കും അപകടം പിടിച്ച രാജ്യങ്ങളിലൊന്നാണ് പാകിസ്താനെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, അമേരിക്ക വീണ്ടും പാകിസ്താനെ തങ്ങളുടെ ചങ്ങാതിക്കൂട്ടത്തില്‍ പെടുത്തിയിരിക്കുകയാണ്.

ചിലർ പറയുന്നത്, രാജ്യതാല്‍പ്പര്യത്തെക്കാള്‍ അമേരിക്കൻ പ്രസിഡന്റിന്റെ വ്യക്തിതാല്‍പ്പര്യം മാത്രമാണ് മാറ്റത്തിനു കാരണം എന്നാണ്. മറ്റു ചിലർ താല്‍ക്കാലികമായ ബാന്ധവം മാത്രമാണിതെന്ന് പറയുന്നു. ഇറാനുമായുള്ള യുദ്ധം കഴിഞ്ഞാല്‍ പാകിസ്താൻ വീണ്ടും പടിക്കു പുറത്താവുമത്രെ. 2021-ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിയന്ത്രണരേഖയില്‍ ഉണ്ടായ വെടിനിർത്തല്‍ കരാർ അവർ ഉദാഹരിക്കുന്നു. ഫെബ്രുവരിയില്‍ ആയിരുന്നു കരാർ ഉണ്ടാക്കിയത്, അതിനായി അമേരിക്ക പിന്നണിയില്‍ പ്രവർത്തിച്ചിരിക്കണം. കാരണം, ആ വർഷം ഓഗസ്റ്റിലാണ് അമേരിക്ക അഫ്ഗാനിസ്താനില്‍നിന്നു മടങ്ങിപ്പോയത്. അവിടെ എന്തെങ്കിലും വലിയ കുഴപ്പമുണ്ടായാല്‍ പാകിസ്താൻ സൈന്യം സജ്ജമായിരിക്കാൻ വേണ്ടിയായിരുന്നു അത്. അതിനു സമാനമായിരിക്കാം ഇപ്പോള്‍ നടന്ന ട്രംപ് മുനീർ കൂടിക്കാഴ്ചയെന്ന് അവർ പറയുന്നു.

പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ പ്രദർശിപ്പിച്ചിരിക്കുന്ന അസിം മുനീറിന്റെ ചിത്രം വെച്ച ഫ്ലെക്സ് ബോർഡ് | Photo: AFP
ഇറാനും ട്രംപും മുനീറും

ഇറാനും പാകിസ്താനുമായുള്ള ബന്ധം വളരെ സങ്കീർണമാണ്. ഒരുകാലത്ത് ഉറ്റസൗഹൃദമുണ്ടായിരുന്നു. തന്ത്രപരവും സുരക്ഷാബന്ധിതവുമായ കാര്യങ്ങളില്‍ നല്ല സഹകരണമുണ്ടായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍. മയക്കുമരുന്നു കടത്ത്, ബലൂച് വിഘടനവാദം എന്നിവയെ ചെറുക്കുന്നതില്‍ ഒറ്റക്കെട്ടായിരുന്നു. പക്ഷേ, ഇറാനില്‍ 1979-ല്‍ നടന്ന ഇസ്ലാമികവിപ്ലവത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഷിയാക്കള്‍ക്ക് മുൻതൂക്കമുള്ള ഇറാൻ, ഹമാസും ഹിസ്ബുള്ളയും യെമനിലെ ഹൂത്തികളും പോലുള്ള നിരവധി തീവ്രവാദസംഘടനകളെ സഹായിക്കുന്നുണ്ട്. സുന്നികള്‍ക്ക് മേധാവിത്വമുള്ള പാകിസ്താൻ, അഫ്ഗാനിലെ താലിബാൻ സർക്കാരിനെ പിന്തുണച്ചതും സൗദി അറേബ്യൻ സർക്കാരുമായി അടുത്ത ബന്ധം പുലർത്തിയതും ഇറാനിലെ മതഭരണകൂടത്തിന് രസിച്ചില്ല. സമീപകാലത്ത് ഇരുരാജ്യങ്ങളും പരസ്പരം അതിർത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കുക പോലുമുണ്ടായി.

പാകിസ്താനിലെ ഷഹബാസ് ഷെരീഫ് സർക്കാരും ജനങ്ങളും ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തെ പരസ്യമായി അപലപിക്കുകയും ഇറാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, ഫീല്‍ഡ് മാർഷല്‍ മുനീറാണ് വിദേശനയം, ദേശീയ രാഷ്ട്രീയം എന്നിവയിലെ അവസാനവാക്ക്. പരസ്യമായി ഇറാന് പിന്തുണ പ്രഖ്യാപിക്കുമ്ബോള്‍ തന്നെ അമേരിക്കയുടെ സംഘർഷം കുറയ്ക്കാനുള്ള നടപടികളെയും പിന്തുണക്കുകയാണ് മുനീർ. മുമ്ബ് ഭീകരവിരുദ്ധ യുദ്ധകാലത്തും ജനവികാരത്തെ വകവെക്കാതെ അമേരിക്കയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു പാക് പട്ടാളം. കൃത്യമായ വില കിട്ടിയാല്‍ അവർ ഇറാനെയും ചതിക്കുമെന്നതില്‍ സംശയം വേണ്ടെന്നാണ് വിദഗ്ധാഭിപ്രായം. യുദ്ധം തുടങ്ങിയപ്പോള്‍ ഇറാനുമായുള്ള അതിർത്തികള്‍ അടച്ചപ്പോള്‍ അത് വ്യക്തമായിരുന്നു.

ഇനി ട്രംപിന്റെ കാര്യം. ട്രാൻസാക്ഷണല്‍ രാഷ്ട്രീയക്കാരനാണ്, ലാഭനഷ്ടങ്ങള്‍ മാത്രമാണ് അദ്ദേഹത്തിനു മുഖ്യം എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടാണ് ഖത്തർ അദ്ദേഹത്തിന് 400 മില്യൻ ഡോളറിന്റെ ആകാശക്കൊട്ടാരം സമ്മാനിച്ചത്. അതുപോലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ട്രംപ് അർഹനാണെന്നു മുനീർ മുഖസ്തുതി പറഞ്ഞതും ട്രംപ് കുടുംബത്തിന് ഭൂരിപക്ഷം ഓഹരികളുള്ള ക്രിപ്ടോ കമ്ബനിയില്‍ പാക് സൈന്യം പണം മുടക്കിയതുമൊക്കെയാണ് നിലപാടു മാറ്റത്തിനു പിന്നിലെന്നു കരുതുന്നവരുണ്ട്.

Hot Topics

Related Articles