ബെർമിങാം: ലോക ലെജൻഡ്സ് ചാമ്ബ്യൻഷിപ്പില്‍ പാകിസ്താനെ തകർത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്ക കിരീടത്തില്‍ മുത്തമിട്ടത്.ക്യാപ്റ്റൻ എബി ഡി വില്ലിയേഴ്സിന്റെ തകർപ്പൻ സെഞ്ചുറി ബലത്തില്‍ ഒൻപത് വിക്കറ്റിന്റെ ആധികാരിക ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. പാകിസ്താൻ ഉയർത്തിയ 196 റണ്‍സ് വിജയലക്ഷ്യം കേവലം 16.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ദക്ഷിണാഫ്രിക്കയുടെ ജയത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന എബി ഡിയെ പ്രശംസിച്ച് രംഗത്തെത്തി.
എബി ഡി തകർപ്പൻ ഇന്നിങ്സ് കാഴ്ചവെച്ചെന്ന് റെയ്ന ട്വീറ്ററില്‍ കുറിച്ചു. കളിച്ചിരുന്നെങ്കില്‍ ഞങ്ങളും അവരെ തകർത്തെറിയുമായിരുന്നു. എന്നാല്‍ നമ്മള്‍ മറ്റെല്ലാത്തിനും ഉപരിയായി രാജ്യത്തിന് പ്രാധാന്യം കല്‍പ്പിച്ചു. – റെയ്ന പ്രതികരിച്ചു. വേള്‍ഡ് ചാമ്ബ്യൻസ് ഓഫ് ലെജൻഡ്സ് ടൂർണമെന്റില്‍ രണ്ടുതവണയാണ് ഇന്ത്യ പാകിസ്താനെതിരേ കളിക്കില്ലെന്ന തീരുമാനമെടുത്തത്. ഗ്രൂപ്പ് സ്റ്റേജിലും സെമി ഫൈനലിലും ഇരുടീമുകളും നേർക്കുനേർ വന്നു. എന്നാല്‍ ഇന്ത്യൻ താരങ്ങള്‍ പിന്മാറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫൈനലില്‍ 60 പന്തുകളില്‍ 120 റണ്‍സ് നേടി പുറത്താവാതെ നിന്ന് ഡിവില്ലിയേഴ്സിന്റെ പ്രകടനമാണ് മത്സരഫലത്തെ പ്രധാനമായും നിർണയിച്ചത്. 12 ഫോറും ഏഴ് സിക്സും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 47 പന്തുകളില്‍ നിന്നാണ് സെഞ്ചുറി കുറിച്ചത്. ടൂർണമെന്റിലെ ഡിവില്ലിയേഴ്സിന്റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. ഓസ്ട്രേലിയക്കെതിരേ 39 പന്തിലും ഇംഗ്ലണ്ടിനെതിരേ 41 പന്തിലും സെഞ്ചുറി കണ്ടെത്തിയിരുന്നു.
ജീൻപോള്‍ ഡുമിനി പുറത്താകാതെ 28 പന്തില്‍ 50 റണ്‍സും നേടി. ഓപ്പണർ ഹാഷിം അംല (18) മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയില്‍ പുറത്തായത്. ഡിവില്ലിയേഴ്സും ഡുമിനിയും ചേർന്ന് 123 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഓപ്പണർ ഷർജീല്‍ ഖാന്റെ അർധ സെഞ്ചുറി (44 പന്തില്‍ 76) ആണ് പാകിസ്താന് മികച്ച സ്കോർ കണ്ടെത്താൻ സഹായകമായത്. ഉമർ അമിൻ (36), ഷുഹൈബ് മാലിക് (20), ആസിഫ് അലി (28), ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് (17) എന്നിവരും രണ്ടക്കം കടന്നു. ദക്ഷിണാഫ്രിക്കയ്ക്കായി വില്‍ജോയനും പാർനലും രണ്ടുവീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ഒളിവിയറിന് ഒരു വിക്കറ്റ് ലഭിച്ചു. പാക് നിരയില്‍ സഈദ് അജ്മലിന് മാത്രമാണ് വിക്കറ്റ് നേടാനായത്.