ചണ്ടീഗഡ്: പഞ്ചാബിന്റെ തട്ടകത്തിൽ ആദ്യ ക്വാളിഫെയറിൽ പഞ്ചാബിനെ എറിഞ്ഞിട്ട് ആർസിബി ബൗളിംങ് നിര. 101 റണ്ണിന് പഞ്ചാബിനെ വീഴ്ത്തിയ ആർസിബി ബൗളർമാർ ഫൈനലിന് യോഗ്യത നേടാൻ ബാറ്റർമാർക്ക് മുന്നിൽ 102 എന്ന മാനദണ്ഡമാണ് മുന്നോട്ട് വച്ചത്. മടങ്ങിയെത്തിയ ഹൈസൽ വുഡും, സൂയിഷ് ശർമ്മയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോഴാണ് പഞ്ചാബ് തകർന്നടിഞ്ഞത്. പഞ്ചാബിന്റെ സ്കോർ ബോർഡിൽ രണ്ടക്കം കടക്കും മുൻപ് തന്നെ ആർസിബി ബൗളർമാർ ആഞ്ഞടിച്ചു ചുടങ്ങിയിരുന്നു. ഓപ്പണർ പ്രിയനിഷ് ആര്യയെ (7) സ്കോർ ഒൻപതിൽ നിൽക്കെ യഷ് ദയാൽ പാണ്ഡ്യയുടെ കയ്യിൽ എത്തിച്ചു. പിന്നീട്, തകർത്തടിച്ചു തുടങ്ങിയ പ്രഭുസിമ്രാന്റെ ഊഴമായിരുന്നു. 10 പന്തിൽ നിന്നും 18 റൺ എടുത്ത പ്രഭുവിനെ ശർമ്മയുടെ കയ്യിൽ എത്തിച്ച് ഭുവനേശ്വർ കുമാർ ആഞ്ഞടിച്ചു. മൂന്ന് റൺ കൂടി ചേർത്തപ്പോഴേയ്ക്കും രണ്ട് റണ്ണുമായി ക്യാപ്റ്റൻ അയ്യർ വീണു. ഹൈസൽ വുഡിനായിരുന്നു വിക്കറ്റ്. 38 ൽ ഇഗ്നിസിനെയും (4) 50 ൽ നേഹാൽ വദ്രയെയും (8) വീഴ്ത്തിയ ആർസിബി ബൗളർമാർ പഞ്ചാബിനെ 50 ന് അഞ്ച് എന്ന നിലയിലേയ്ക്കു തള്ളിയിട്ടു.
പത്ത് റൺ കൂടി ചേർത്ത് ശശാങ്കും (3), ഇതേ സ്കോറിൽ തന്നെ മുഷിർ ഖാനും (0), വീണതോടെ പഞ്ചാബ് അതിവേഗം പത്തി മടത്തുമെന്ന് ഉറപ്പായി. 18 റൺ കൂടി ചേർത്തപ്പോഴേയ്ക്കും അവസാന പ്രതീക്ഷയായ സ്റ്റോണിസ് (26) കൂടി വീണു. 97 ൽ ഹർമ്മൻ പ്രീത് ബ്രാറും (4), 101 ൽ ഒമറാസിയും (18) കൂടി വീണതോടെ പഞ്ചാബിന്റെ പോരാട്ടം അവസാനിച്ചു. ഹൈസൽ വുഡ് മൂന്നും, സിയുഷ് ശർമ്മ മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോൾ യഷ് ദയാലിനാണ് രണ്ട് വിക്കറ്റ്. ഭുവനേശ്വർകുമാറും, ഷെപ്പേർഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 14.1 ഓവറിൽ 101 ന് പഞ്ചാബിന്റെ എല്ലാ ബൗളർമാരും പുറത്തായി. 102 റൺ വേണം ബാംഗ്ലൂരിന് ഫൈനലിന് യോഗ്യത നേടാൻ.