ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി. അഞ്ച് താരങ്ങൾക്ക് സീസൺ നഷ്ടമായേക്കും. ട്വന്റി 20 ലോകകപ്പ് വരുന്നതിനാൽ മുസ്തഫിസൂർ റഹ്മാൻ, മതീഷ പതിരാണ, മഹേഷ് തീക്ഷണ തുടങ്ങിയവർ ശ്രീലങ്കയിലേക്ക് മടങ്ങും. പരിക്കാണ് ദീപക് ചഹറിന് തിരിച്ചടിയായിരിക്കുന്നത്. സീസണിൽ ഇതുവരെ കളിക്കാൻ കഴിയാത്ത തുഷാർ ദേശ്പാണ്ഡെ അസുഖ ബാധിതനെന്നും ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ് പ്രതികരിച്ചു.പഞ്ചാബ് കിംഗ്സിനെതിരെ ധരംശാലയിലാണ് ചെന്നൈയുടെ അടുത്ത മത്സരം. ഇന്നലെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് പേസർ റിച്ചാർഡ് ഗ്ലീസൺ നന്നായി കളിച്ചത് പ്രതീക്ഷ നൽകുന്നു. ചഹറിനെയും ദേശ്പാണ്ഡയെയും ഡോക്ടേഴ്സ് സംഘം നിരീക്ഷിക്കുന്നുണ്ട്. അവർ ആരോഗ്യം വീണ്ടെടുത്തില്ലെങ്കിൽ ടീമിന് തിരിച്ചടിയാകുമെന്നും ഫ്ലെമിങ്ങ് പറഞ്ഞു.താരങ്ങളുടെ അഭാവം ടീമിന് തിരിച്ചടിയാകുമെന്ന് ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്ക്‌വാദും പ്രതികരിച്ചു. ബാറ്റർമാരുടെയും ബൗളർമാരുടെയും കൃത്യതകൊണ്ട് മാത്രമെ മത്സരങ്ങൾ വിജയിക്കാൻ കഴിയൂ. ചെന്നൈയ്ക്ക് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ടീമെന്നും റുതുരാജ് ഗെയ്ക്ക്‌വാദ് വ്യക്തമാക്കി.