ഡല്‍ഹി : ഇന്ത്യൻ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മുഖ്യ പരിശീലകനായി മുൻ ഓസ്ട്രേലിയൻ താരം ജസ്റ്റിൻ ലാംഗറിനെ നിയമിച്ചു.ആൻഡി ഫ്ളവര്‍ ഒഴിയുന്ന സ്ഥാനത്തേക്കാണ് ലാംഗര്‍ വരുന്നത്.
ആൻഡി ഫ്ളവറുമായുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ രണ്ട് വര്‍ഷത്തെ കരാര്‍ ഈയിടെ അവസാനിച്ചിരുന്നു. സൂപ്പര്‍ ജയന്റ്സിന്റെ മെന്ററായ ഗൗതം ഗംഭീറും ഉടൻ തന്നെ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഗംഭീര്‍ തന്റെ പഴയടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദീര്‍ഘകാലം ഓസ്ട്രേലിയൻ ടീമിന്റെ ഓപ്പണറായിരുന്ന ലാംഗര്‍ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചു. ‘ ഓസ്ട്രേലിയൻ ഇതിഹാസവും പരിശീലകനുമായ ജസ്റ്റിൻ ലാംഗറെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മുഖ്യപരിശീലകനായി നിയമിച്ചിരിക്കുന്നു. ആൻഡി ഫ്ളവറുമായുള്ള കരാര്‍ അവസാനിച്ചു. ടീമിനായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആൻഡി ഫ്ളവറിന് നന്ദി’- ടീം സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പരിശീലകനായതില്‍ സന്തോഷമുണ്ടെന്നും ടീമിനായി മികച്ച വിജയങ്ങള്‍ നേടാനാകുമെന്നും ലാംഗര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷവും ലഖ്നൗ ഐ.പി.എല്‍ പ്ലേ ഓഫില്‍ സ്ഥാനം നേടിയിരുന്നു. എന്നാല്‍ കെ.എല്‍.രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിന് ഇതുവരെ കിരീടം നേടാനായിട്ടില്ല