കോട്ടയം: കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ ഭാഗമായുള്ള ശുചിത്വ ക്യാമ്പെയിന് തുടക്കമായി. ശുചിത്വ ക്യാമ്പെയിൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം നെഹ്റു സ്റ്റേഡിയം മുതൽ നെഹ്റു പാർക്ക് വരെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, വോളണ്ടിയർമാർ എന്നിവർ ഉൾപ്പെടുന്ന റാലി നെഹ്റു പാർക്കിൽ എത്തിച്ചേരും. തുടർന്നു പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മാലിന്യ മുക്ത ക്യാമ്പെയിന്റെ ഭാഗമായുള്ള ഫ്ളാഷ് മോബ്, എക്സിബിഷൻ വോൾ പെയിന്റിംങ് എന്നിവയും നടക്കും. പദ്ധതിയുടെ ഭാഗമായുള്ള ലോഗോ പ്രകാശനം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. നഗരസഭ സെക്രട്ടറി ബി.അനിൽകുമാർ, ആരോഗ്യകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ജോസ് പള്ളിക്കുന്നേൽ, ക്ലീൻ സിറ്റി മാനേജർ എം.മനോജ്, പ്രോജക്ട് ഓഫിസർ ടി.എ തങ്കം , നോഡൽ ഓഫിസർ ദീപകുമാർ, എൻജിടി , പി.സി.ബി എച്ച്.കെ.എസ് നോഡൽ ഓഫിസർ എം.ആർ രാജേഷ്, ശുചിത്വ മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നാട്ടകം ഗവ.കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.