ലോകത്ത് ഏതാ രാജ്യത്തുള്ള കാലാവസ്ഥയ്ക്കും പ്രകൃതിയ്ക്കുമുള്ള ബദൽ ഏറെക്കുറെ ഇന്ത്യയിലുണ്ട്. പുരാതന ജൈവവൈവിധ്യവും അപൂർവ വന്യജീവികളും ഇന്ത്യയിലുണ്ട്. ഇടതൂർന്ന മഴക്കാടുകൾ മുതൽ മരുഭൂമി വരെ നീളുന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ഇന്ത്യയുടെ സവിശേഷത. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ, ബംഗാൾ കടുവകൾ, എണ്ണമറ്റ ദേശാടന പക്ഷികൾ തുടങ്ങി നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. അത്തരത്തിലുള്ള സവിശേഷതകൾ കണക്കിലെടുത്ത് യുനെസ്കോയുടെ പട്ടികയിൽ ഇടംപിടിച്ച ചില സ്ഥലങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. കാസിരംഗ നാഷണൽ പാർക്ക് (അസം)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകത്ത് ഏറ്റവും കൂടുതൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുള്ളത് കാസിരംഗ നാഷണൽ പാർക്കിലാണ്. 1,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കാസിരംഗ നാഷണൽ പാർക്കിൽ കാട്ടാനകൾ, മാനുകൾ, കടുവകൾ എന്നിവയും ധാരാളമുണ്ട്. ഇടതൂർന്ന വനങ്ങൾ, ചതുപ്പുകൾ, സമീപത്ത് ഒഴുകുന്ന ബ്രഹ്മപുത്ര നദി എന്നിവയുള്ളതിനാൽ വന്യജീവി സ്നേഹികൾക്ക് ഈ പാർക്ക് ഒരു പറുദീസയാണ്. ജീപ്പ് സഫാരിയും ഇവിടെയുണ്ട്.
2. കിയോലാഡിയോ നാഷണൽ പാർക്ക് (രാജസ്ഥാൻ)
രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസിലേയ്ക്ക് ഓടിയെത്തുക മരുഭൂമികളാണ്. എന്നാൽ, കിയോലാഡിയോ സന്ദർശിക്കുന്നതോടെ ആ ധാരണ മാറിക്കിട്ടും. 350-ലധികം ഇനം പക്ഷികളുടെ വിഹാര കേന്ദ്രമാണിത്. ശൈത്യകാലമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം. സൈബീരിയ, ചൈന എന്നിവിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഈ സമയം പറന്നെത്തും. പക്ഷിനിരീക്ഷകർക്ക് ആവശ്യത്തിലേറെയുള്ള കാഴ്ചകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
3. പശ്ചിമഘട്ടം
ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിൽ സമ്പന്നമായ ജൈവവൈവിധ്യമാണുള്ളത്. സമൃദ്ധമായ മഴക്കാടുകൾ, മറഞ്ഞിരിക്കുന്ന വെള്ളച്ചാട്ടങ്ങൾ, ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ചില പർവതനിരകൾ എന്നിവ പശ്ചിമഘട്ടത്തിന്റെ സവിശേഷതകളാണ്. പശ്ചിമഘട്ടം 7,400-ലധികം ഇനം സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസ കേന്ദ്രമാണെന്നാണ് കണക്ക്. അവയിൽ പലതും മറ്റൊരിടത്തും കാണില്ലെന്നതാണ് സവിശേഷത.
4. സുന്ദർബൻസ് നാഷണൽ പാർക്ക് (പശ്ചിമ ബംഗാൾ)
ലോകത്തിലെ ഏറ്റവും വലിയ റോയൽ ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രമാണ് സുന്ദർബൻസ് നാഷൺൽ പാർക്ക്. ഇത് മറ്റ് വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഒരു യഥാർത്ഥ വന്യ ലോകത്തിന്റെ അപൂർവമായ കാഴ്ചകളാണ് സുന്ദർബൻസ് നാഷണൽ പാർക്ക് വാഗ്ദാനം ചെയ്യുന്നത്. സങ്കീർണ്ണമായ ഭൂപ്രകൃതി ആസ്വദിക്കാൻ ബോട്ട് സഫാരിയുമുണ്ട്.
5. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് (ഹിമാചൽ പ്രദേശ്)
പ്രകൃതിയെ സ്നേഹിക്കുന്നതിനൊപ്പം സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക്, ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്കിലേയ്ക്ക് പോകാം. 1,171 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ ദുർഘടമായ ഭൂപ്രദേശം മഞ്ഞ് പുള്ളിപ്പുലികൾ, ഹിമാലയൻ ബ്രൌൺ കരടികൾ, 375-ലധികം ഇനം ജന്തുജാലങ്ങൾ എന്നിവയുടെ ആവാസ കേന്ദ്രമാണ്. ഇവിടെ ട്രക്കിംഗ് നടത്തുന്നവർക്ക് അതിമനോഹരമായ കാഴ്ചകൾ കാണാനാകും.
6. കാഞ്ചൻജംഗ നാഷണൽ പാർക്ക് (സിക്കിം)
പ്രകൃതിയും ആത്മീയതയും സമന്വയിക്കുന്ന അപൂർവമായ സ്ഥലങ്ങളിലൊന്നാണ് കാഞ്ചൻജംഗ. പ്രദേശത്തെ തദ്ദേശവാസികളായ ലെപ്‌ച ജനത, ഈ പാർക്കിനെ പവിത്രമായാണ് കണക്കാക്കുന്നത്. ഹിമാലയ പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ ഈ നാഷണൽ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്.