ന്യൂഡൽഹി: രാജ്യം മുഴുവൻ ഉറ്റു നോക്കിയിരുന്ന പ്രതികാരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് രണ്ട് വനിതകൾ. ഇന്ത്യൻ വനിതകളുടെ വൈധവ്യത്തിന് പ്രതികാരം തീർത്തത് ഉശിരുള്ള പെൺപുലികളായിരുന്നു.
ഈ പ്രതികാരത്തിന് നേതൃത്വം നൽകി ഒരു ദിവസം കൊണ്ട് രാജ്യ ശ്രദ്ധ നേടി കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങും.
പാക് ഭീകരക്യാമ്ബുകൾ ഒന്നാകെ ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ വിശദീകരിക്കാൻ സൈന്യം നിയോഗിച്ചത് രണ്ട വനിതാ സൈനീക ഓഫീസർമാരെ. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങുമാണ് ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ സൈന്യത്തിന്റെ കോർപ്‌സ് ഓഫ് സിഗ്നൽസിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016ൽ എക്‌സർസൈസ് ഫോഴ്‌സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യൻ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. തന്റെ 35-ാമത്തെ വയസ്സിലാണ് സോഫിയ ഈ ദൗത്യം ഏറ്റെടുത്തത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അത്.
2016ലെ ബഹുരാഷ്ട്ര സൈനികാഭ്യാസത്തിന്റെ സമാപന ചടങ്ങിൽ, സംഘത്തെ നയിച്ചതിൽ എന്താണ് തോന്നുന്നതെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിൽ അഭിമാനം തോന്നുന്നുവെന്നായിരുന്നു അവരുടെ മറുപടി. സ്ത്രീയെന്നതിനേക്കാൾ കഴിവും പ്രാപ്തിയുമാണ് സോഫിയ ഖുറേഷിയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ ആർമി കമാൻഡർ ലഫ്.ജനറൽ ബിപിൻ റാവത്ത് അന്ന് പറഞ്ഞിരുന്നു.
വ്യോമസേനയിലെ വിങ് കമാൻഡർ വ്യോമിക സിംഗ് ഹെലികോപ്റ്റർ പൈലറ്റായി ജോലി ചെയ്യുന്നു. കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്നത്തിൽ നിന്നാണ് വ്യോമസേനയിൽ ചേരാനുള്ള യാത്ര ആരംഭിച്ചത്. സ്‌കൂൾ കാലം മുതൽ, വിമാനം പറത്തുക എന്നത് സ്വപ്നമായിരുന്നു. ആറാം ക്ലാസ്സിൽ പഠിക്കുമ്‌ബോൾ തന്നെ താൻ ഇതിനെക്കുറിച്ച് സ്വപ്നം കാണാൻ തുടങ്ങിയിരുന്നുവെന്ന് അവർ ഒരിക്കൽ പറഞ്ഞു. വ്യോമിക എന്ന വാക്കിന്റെ അർത്ഥം ആകാശം എന്നാണ്.
നാഷണൽ കേഡറ്റ് കോർപ്സിൽ (എൻസിസി) ചേർന്നുകൊണ്ടാണ് വ്യോമിക തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള യാത്ര ആരംഭിച്ചത്. ഇതിനുശേഷം എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി. അവരുടെ കുടുംബത്തിൽ നിന്ന് സായുധ സേനയിൽ ചേരുന്ന ആദ്യ സ്ത്രീയാണ് അവർ. ഇന്ത്യൻ വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട അവർക്ക് 2019 ഡിസംബർ 18 ന് ഫ്ലൈയിംഗ് ബ്രാഞ്ചിൽ സ്ഥിരം കമ്മീഷൻ ലഭിച്ചു.