അഹമ്മദാബാദ്: ഗുജറാത്തിലെ ചന്ദ്ഖേദയില്‍ 21 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു.യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന മക്വാന, എച്ച്. റാബറി എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇതില്‍ മക്വാനയെ അറസ്റ്റ് ചെയ്തതായും ഒളിവില്‍പോയ രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് സുഹൃത്തായ പെണ്‍കുട്ടിയുടെ വീടിന്റെ ടെറസില്‍നിന്ന് ചാടി 21 വയസ്സുകാരി ജീവനൊടുക്കിയത്. സ്വകാര്യവീഡിയോ ചോർന്നതിന് പിന്നാലെയാണ് യുവതി കടുംകൈ ചെയ്തതെന്ന് ആരോപിച്ച് സുഹൃത്താണ് പോലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന മക്വാനയെ അറസ്റ്റ്ചെയ്തത്. യുവതിയും മക്വാനയും രണ്ടുവർഷത്തോളം അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ സമ്മതത്തോടെയാണ് ആണ്‍സുഹൃത്ത് ഈ വീഡിയോകള്‍ ചിത്രീകരിച്ചതെന്നും പോലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്തിടെ ഇയാളും മറ്റൊരു സുഹൃത്തും ഒരു കാർ കൊണ്ടുവരാൻ പോയിരുന്നു. ഇവിടെവെച്ചാണ് റാബറി എന്നയാളെ പരിചയപ്പെടുന്നത്. ഇവിടെവെച്ച് മക്വാനയുടെ മൊബൈല്‍ഫോണ്‍ വാങ്ങിനോക്കിയപ്പോഴാണ് മക്വാനയും യുവതിയും ഒരുമിച്ചുള്ള നഗ്നവീഡിയോ റാബറി കണ്ടത്. ഉടൻതന്നെ ഇയാള്‍ ഈ വീഡിയോകളെല്ലാം സ്വന്തം ഫോണിലേക്ക് അയച്ചു. ഒപ്പം യുവതിയുടെ നമ്ബറും കൈക്കലാക്കി.
പിന്നീട് യുവതിയെ വിളിച്ച് ആണ്‍സുഹൃത്തിനൊപ്പമുള്ള നഗ്നവീഡിയോ തന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തി. വീഡിയോ കാണണമെങ്കില്‍ ഒരു ഹോട്ടലിലേക്ക് വരാനും ആവശ്യപ്പെട്ടു. ഇതോടെ 21-കാരിയും സുഹൃത്തായ യുവതിയും ഇവരുടെ ഭർത്താവും ഹോട്ടലിലെത്തി പ്രതിയെ കണ്ടു. എന്നാല്‍, വീഡിയോ കാണിച്ചശേഷം ഇയാള്‍ അവിടെനിന്ന് സ്ഥലംവിട്ടു. തൊട്ടുപിന്നാലെ ആണ്‍സുഹൃത്തായ മക്വാന 2500 രൂപ ആവശ്യപ്പെട്ട് യുവതിക്ക് വാട്സാപ്പ് സന്ദേശം അയച്ചു.
പണം തരാമെന്ന് പറഞ്ഞ് യുവതി ഇയാളെ വിളിച്ചുവരുത്തി. തുടർന്ന് പണം നല്‍കിയ യുവതി, ഫോണില്‍നിന്ന് സ്വകാര്യവീഡിയോകള്‍ നീക്കംചെയ്യാൻ ആണ്‍സുഹൃത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇയാള്‍ അതിന് തയ്യാറായില്ല. ഇതോടെ യുവതിയും സുഹൃത്തും പോലീസിനെ സമീപിച്ചു. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ മക്വാന ഫോണില്‍നിന്ന് വീഡിയോ നീക്കംചെയ്തു. ഇതിനുശേഷം എല്ലാവരും തിരികെപോവുകയും സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി ജീവനൊടുക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)