തിരുവനന്തപുരം: വ്യോമയാന മേഖലയിൽ കേരളം മികച്ച മുന്നേറ്റമാണ് ഇപ്പോൾ നടത്തുന്നത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിന്റെ കണക്കുകൾ പുറത്തുവന്നിരുന്നു. അതിനിടെ കേരളത്തിന്റെ വ്യോമയാന മേഖലയിൽ കൂടുതൽ വികസന പദ്ധതികൾക്ക് സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവുമായി ചർച്ച നടത്തി.
പ്രവാസി മലയാളികളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകിയുള്ള വികസനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമായും കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ മുന്നോട്ടു വെച്ചത്. കേരളത്തിലെ വിമാനത്താവളങ്ങളെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ പിന്തുണ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രി വി.അബ്്ദുറഹ്മാൻ, സിവിൽ ഏവിയേഷൻ സെക്രട്ടറി വുംലുൻമാംഗ് വുൽനാം, എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യ ചെയർമാൻ എം.സുരേഷ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. 2023-24 സാമ്ബത്തിക വർഷത്തിൽ ഒരു കോടിക്ക് മുകളിലാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം. മുൻ വർഷത്തെ അപേക്ഷിച്ച് 18 ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തി. വിമാന സർവീസുകളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലും ഈ വർഷത്തെ ആദ്യ പാദത്തിൽ വർധനയുണ്ടായി. 12.6 ലക്ഷം യാത്രക്കാരാണ് ഈ കാലയളവിൽ സഞ്ചരിച്ചത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ യാത്രക്കാരുടെ എണ്ണം 10 ലക്ഷം പേരായിരുന്നു. അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളിൽ കൂടുതൽ സർവ്വീസുകൾക്കും അടിസ്ഥാന വികസനത്തിനുമുള്ള സാദ്ധ്യതകൾ വർദ്ധിക്കുന്നുണ്ട്. വിദേശ മലയാളികൾക്കുള്ള യാത്രാ ആവശ്യങ്ങൾക്കൊപ്പം ടൂറിസം മേഖലയുമായി ബന്ധപ്പെട്ടും കൂടുതൽ വിമാനങ്ങളുടെ ആവശ്യകത വർദ്ധിക്കുകയാണ്.