ഇസ്ലാമാബാദ്: ഇന്ത്യയുടെ ആക്രമണം ഭയന്ന് പാകിസ്ഥാൻ ഭരണകൂടം നെട്ടോട്ടമോടുന്നു. പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുമ്ബോഴും ഇന്ത്യയുടെ ആക്രമണം ഒഴിവാക്കാൻ വഴികള്‍ തേടുകയാണ് പാകിസ്ഥാൻ ഭരണാധികാരികള്‍.മേഖലയിലെ സംഘർഷ സാഹചര്യം ലഘൂകരിക്കാൻ പാകിസ്ഥാൻ അറബ് രാജ്യങ്ങളുടെ സഹായം തേടിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പാകിസ്ഥാനിലെ അറബ് രാജ്യങ്ങളുടെ സ്ഥാനപതിമാരെ നേരില്‍കണ്ടാണ് സഹായം അഭ്യർത്ഥിച്ചത്. ഇന്ത്യയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഇസ്ലാമിക രാജ്യങ്ങള്‍ എന്ന നിലയില്‍ ഇടപെടണം എന്നാണ് പാക് പ്രധാനമന്ത്രിയുടെ ആവശ്യം.
സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ സ്ഥാപനപതിമാരുമായാണ് ഷഹബാസ് ഷരീഫ് കൂടിക്കാഴ്ച നടത്തിയത്. പാകിസ്ഥാനിലെ സൗദി സ്ഥാനപതി നവാസ് ബിൻ സയ്ദ് അല്‍ മാല്‍കി, യുഎഇ സ്ഥാനപതി ഹമാദ് ഒബൈദ് ഇബ്രാഹിം സലിം അല്‍ സാബി, കുവൈത്ത് സ്ഥാനപതി നാസ്സർ അബ്ദുല്‍ റഹ്മാൻ ജാസ്സർ എന്നിവരുമായി ഷരീഫ് ചർച്ച നടത്തിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനെതിരെ ഇന്ത്യ സൈനികാക്രമണം നടത്തുന്ന സാഹചര്യം ഒഴിവാക്കാൻ ഇടപെടണമെന്ന് ഷഹബാസ് ഷരീഫ് ഇവരോട് അഭ്യർത്ഥിച്ചെന്നും റിപ്പോർട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ ഭാഗം ഷരീഫ് സ്ഥാനപതിമാരെ ധരിപ്പിച്ചതായാണ് വിവരം. സൗദി ഉള്‍പ്പെടെയുള്ള സുഹൃദ് രാജ്യങ്ങള്‍ ഇടപെട്ട് ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാൻ സഹായിക്കണമെന്നും ദക്ഷിണേഷ്യയില്‍ സമാധാനവും സ്ഥിരതയും നിലനിർത്താനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും ഷരീഫ് പറഞ്ഞതായി അറബ് മാധ്യമങ്ങളുടെ റിപ്പോർട്ടില്‍ പറയുന്നു.
അതിനിടെ, പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ജനങ്ങളോട് ഭക്ഷണവും അവശ്യസാധനങ്ങളും കരുതിവയ്ക്കാൻ ഭരണകൂടം നിർദേശം നല്കി. ഇന്ത്യയുടെ ആക്രമണമുണ്ടാകുമെന്നും അതിനുവേണ്ടി തയാറെടുക്കണമെന്നുമാണ് പാക്ക് അധിനിവേശ കശ്മീർ പ്രധാനമന്ത്രി ചൗധരി അൻവറുള്‍ ഹഖ് നിർദേശം നല്‍കിയത്.
നിയന്ത്രണരേഖയ്ക്ക് സമീപം താമസിക്കുന്നവർ ചുരുങ്ങിയത് രണ്ടുമാസത്തേക്കെങ്കിലും ഉള്ള അവശ്യസാധനങ്ങള്‍ സംഭരിക്കണമെന്ന് സർവകക്ഷിയോഗത്തിനു ശേഷം ചൗധരി അൻവറുള്‍ ഹഖ് അറിയിച്ചതായാണ് റിപ്പോർട്ട്. കൂടാതെ നീലം താഴ്വരയിലേക്കും നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലേക്കും വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.